തൃക്കരിപ്പൂർ: കവ്വായി കായലിൽ ഇന്നലെ കല്ലുമ്മക്കായ വിളവെടുപ്പു തുടങ്ങിയപ്പോൾ കർഷകർക്ക് ആവേശം. കാലാവസ്ഥ ഇതു വരെ പ്രതികൂലമാകാത്തതിനാൽ മികച്ച വിളവ് ലഭിച്ചതായാതി കർഷകർ.
ചിലവിട്ടതിന്റെ മൂന്നു മടങ്ങെങ്കിലും ഇത്തവണ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് തീരദേശത്തെ കർഷകർ. നല്ല വലിപ്പത്തിലുള്ള കായകൾ ലഭിച്ചുവെന്നതും കർഷകരെ സംബന്ധിച്ചടുത്തോളം പോസിറ്റീവായ ഘടകമാണ്. ഏകദേശം മൂന്നു മാസങ്ങൾക്കു മുൻപ് വിത്തിറക്കിയതാണ് ഇന്നലെ മുതൽ വിളവെടുത്തു തുടങ്ങിയത്.
ചൂടു കൂടുന്നതോടെ, കായൽ വെള്ളത്തിനും ചൂടു കൂടുകയും അത് കല്ലുമ്മക്കായ കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്താൽ കൃഷി നാശത്തിന് ഇടയാക്കിയേക്കും. അതുകൊണ്ട് കഴിയുന്നത്ര വേഗത്തിൽ വിളവെടുപ്പ് പൂർത്തിയാക്കാനുളള തത്രപ്പാടിലാണ് ഓരോ കർഷകനും. നേരത്തെ ചാക്ക് കണക്കിനാണ് കല്ലുമ്മക്കായ വിൽപ്പന നടത്തിയിരുന്നത്. എന്നാൽ ഇത്തവണ കിലോ കണക്കിന് വില നിശ്ചയിച്ചിട്ടുള്ളതെന്നതിനാൽ കർഷകന് ഗുണം ചെയ്യും. ഒരു കിലോവിന് 200 രൂപയാണ് വില. കണ്ണൂർ, തലശ്ശേരി, കോഴിക്കോട് മാർക്കറ്റുകളിലാണ് വലിയപറമ്പയിലെ ഇടയിലക്കാടും പരിസരങ്ങളിലും വിളയുന്ന കല്ലുമ്മക്കായ വിപണനം നടത്തുന്നത്.
മൂന്നു മാസം കൊണ്ട് മികച്ച വിളവ്
നവംബർ മാസം മുതലാണ് വിത്തിറക്കൽ ആരംഭിച്ചത്. 5 മാസത്തിനുള്ളിൽ കാലാവസ്ഥ കഠിനമാകുന്നതിന് മുൻപ് വിളവെടുക്കുകയാണ് പതിവ്. ഇതിനിടയിൽ ഉഷ്ണം വർദ്ധിച്ചാൽ വിളനാശം സംഭവിക്കുകയും ചെയ്യും. എന്നാൽ ഇത്തവണ വിത്തിറക്കി മൂന്നു മാസത്തിനുള്ളിൽ വിളവെടുത്തപ്പോൾത്തന്നെ മികച്ച വിളവ് ലഭിച്ചു. നഷ്ടം സംഭവിക്കുമോയെന്ന ആശങ്കയിൽ ഈ രംഗത്തേക്ക് കടന്നുവരാൻ കർഷകർ മടിച്ചിരുന്നു.