pinarayi
f

കണ്ണൂർ : ഓലയമ്പലം പാണ്ട്യാല മുക്കിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടുമുറ്റം. രാവിലെ ഒമ്പതര മണി. പത്തിനാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗം സി.എൻ. ചന്ദ്രൻ, പിണറായി ഏരിയാ സെക്രട്ടറി കെ. ശശിധരൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ എന്നിവർ നോട്ടീസിലെ സമയക്രമം ഗൺമാനെയും ഡ്രൈവറെയും ധരിപ്പിച്ചു. എട്ടിടത്താണ് പ്രസംഗം. സമയമനുസരിച്ച് നീങ്ങണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ എന്നിവ യോഗ സ്ഥലങ്ങളിൽ ഉറപ്പാക്കണം. പത്തിന് തന്നെ ആദ്യ കേന്ദ്രത്തിലെത്തണം - ബാലന്റെ നിർദ്ദേശം.

അപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയനും റെഡി. സുഹൃത്തുക്കളായ കെ.ടി.വാസുവും ഡോ. എൻ. ജിനചന്ദ്രനും എത്തി. വാസൂ സുഖമല്ലേ, നമ്മൾ ഇറങ്ങുകയല്ലേ....നാട് മുഴുവൻ ഇറങ്ങിക്കഴിഞ്ഞു - വാസുവിന്റെ മറുപടി. പോരിനിറങ്ങുന്ന പടനായകനെപ്പോലെ പിണറായി. മുഖത്ത് ചിരി. വാക്കുകളിൽ ആത്മവിശ്വാസം. മെല്ലെ കൈ ഉയർത്തി അഭിവാദ്യം.

കെ.എൽ 22 എം. 4600 ഇന്നോവ ക്രിസ്റ്റയുടെ പിന്നിലെ ഡോർ തുറന്ന് പിടിച്ച ഡ്രൈവർ വിനോദിന്റെ മുഖത്ത് തിരഞ്ഞെടുപ്പ് കുരുക്ഷേത്രത്തിൽ വീണ്ടും തേരാളിയായതിന്റെ സന്തോഷം.

എൽ.ഡി. എഫ് ജില്ലാ നേതാക്കളായ എം. ഗംഗാധരൻ, കെ. മുകുന്ദൻ, ടി.കെ. എ. ഖാദർ എന്നിവരോട് വേഗം പുറപ്പെടാൻ പി. ബാലന്റെ നിർദ്ദേശം.

സി. എൻ. ചന്ദ്രനോട് മുന്നിൽ കയറാൻ പിണറായിയുടെ നിർദ്ദേശം. ചന്ദ്രൻ മുൻസീറ്റിൽ. മുഖ്യമന്ത്രിയും പി. ബാലനും പിൻസീറ്റിൽ. വാഹനം മമ്പറം റോഡിലേക്ക്.

11 മണിക്ക് സ്ഥാനാർത്ഥിപ്പട്ടിക വിജയരാഘവൻ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പറഞ്ഞു. ഉറപ്പാണ്,​ ഭരണം ഞങ്ങൾക്കു തന്നെ. സി.എൻ.ചന്ദ്രന്റെ മറുപടി മുഖ്യമന്ത്രിയുടെ ചിരിയിൽ അലിഞ്ഞു.

രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി തുറന്നുകൊടുത്ത മമ്പറം പാലത്തിലൂടെയായിരുന്നു യാത്ര. എല്ലാം മാറിയില്ലേ. എത്ര സുഖമായി ഇപ്പോൾ റോഡിലൂടെ യാത്ര ചെയ്യാം... ബാലൻ പറഞ്ഞപ്പോഴേക്കും ഇന്നോവ പാലം പിന്നിട്ടിരുന്നു. ഇത്ര വേഗം പാലം കഴിഞ്ഞോ എന്നായി മുഖ്യമന്ത്രി.

പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയുടെ നാടായ പെരളശേരി വഴിയാണ് യാത്ര. ജനനായകനെ കാത്തിരുന്ന വഴിയോരങ്ങൾ. ആൾക്കൂട്ടത്തിന് കൈവീശി അഭിവാദ്യം - ഉറപ്പാണ് എൽ.ഡി.എഫ്...പെരളശേരി ബസാറിൽ പിണറായിയുടെ ബോർഡുകളിലും അതേ തലക്കെട്ട്.

കോമത്ത് കുന്നുമ്പ്രത്ത് 9.55നു മുഖ്യമന്ത്രി എത്തി. മുദ്രാവാക്യങ്ങൾ മുഴങ്ങി -

തിരപോലെയെത്തിയ പ്രതിസന്ധികൾക്കു മുന്നിൽ പ്രതിരോധത്തിന്റെ നെടുങ്കോട്ട കെട്ടിയ പടനായകൻ ..... ധീരാ ധീരാ പിണറായി വിജയാ.... ധീരതയോടെ മുന്നോട്ട്...കേരളത്തിന്റെ പുതു പതിപ്പിന് ശിലപാകിയ അഞ്ചുവർഷം. ഉറപ്പായ തുടർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വരണം...

പ്രതിസന്ധികാലത്ത് പ്രതീക്ഷയായി നിറഞ്ഞ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് സർക്കാരിനെയും ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവായി ഒഴുകിയെത്തിയ ആൾക്കൂട്ടം. മുഖ്യമന്ത്രി വേദിയിലേക്ക്. ഇ. സുർജിത് കുമാറിന്റെ അദ്ധ്യക്ഷപ്രസംഗം നിറുത്തിയിടത്ത് നിന്നു മുഖ്യമന്ത്രി തുടങ്ങി. ഉറപ്പും കരുതലും ക്ഷേമവും എണ്ണി പറഞ്ഞ് പ്രസംഗം.

@കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ട്

വികസനവും ക്ഷേമവും തകർക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം നേരിട്ട ദുരന്തങ്ങൾക്ക് ആക്കം കൂട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കേരളത്തെ അപമാനിക്കാനുള്ള ബി.ജെ.പി പ്രചാരണത്തെയും പ്രതിപക്ഷം അനുകൂലിച്ചു. കേരളം കൊലക്കളം എന്ന് വരുത്താൻ 2017 ൽ ബി.ജെ.പി ശ്രമിച്ചു. കേരളത്തിന്റെ വികസനം തകർക്കാൻ ബി.ജെ.പി കണ്ട മാർഗമാണ് കിഫ്ബിക്ക് എതിരായ നീക്കം. കേന്ദ്ര ഏജൻസികളെ കിഫ്ബിക്ക് എതിരെ തിരിച്ചുവിട്ടത് ബി.ജെ. പിയാണെങ്കിൽ കോൺഗ്രസ് അതിനെ പിന്തുണച്ച് കള്ള പ്രചാരണങ്ങൾ അഴിച്ചുവിട്ടു. പ്രവാസികളെ ഒരുമിപ്പിക്കാനുള്ള ലോക കേരള സഭയെയും ഇവർ എതിർത്തു.

തദ്ദേശ തിരഞ്ഞടുപ്പിൽ നിരത്തിയ നുണകളുടെ പെരുമഴ ജനങ്ങൾ അനുഭവങ്ങൾ കൊണ്ടാണ് ചെറുത്തത്. ആ അനുഭവം ആവർത്തിക്കും.

നാടിന്റെ പേര് മോശമാക്കുന്ന ഒന്നും എൽ. ഡി. എഫ് ചെയ്തിട്ടില്ല. അതുകൊണ്ടാണ് വികസന തുടർച്ചയ്‌ക്ക് വീണ്ടും എൽ. ഡി.എഫ് വരണമെന്ന് കേരളം ആഗ്രഹിക്കുന്നത്.

( ഇടയ്‌ക്ക് വാച്ച് നോക്കി. പതിനൊന്ന് മണി.)​

സ്ഥാനാർത്ഥി പ്രഖ്യാപനം ഇപ്പോൾ തിരുവനന്തപുരത്ത് ഉണ്ടാകും.

ഞാൻ വീണ്ടും മത്സരിക്കണമെന്നാണ് പാർട്ടി തീരുമാനം. അഞ്ച് വർഷം ജനഹിതത്തിനു വേണ്ടി മാത്രമാണ് പ്രവർത്തിച്ചത്. ഇനിയും അത് തുടരും.

വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ പ്രസംഗം അവസാനിപ്പിച്ചു.

കോയ്യോട്, തന്നട മന്ദമ്പേത്ത്, ചാല ടൗൺ തുടങ്ങിയ എട്ട് കേന്ദ്രങ്ങളിൽ പരിപാടി സമാപിക്കുമ്പോൾ സമയം ആറ് കഴിഞ്ഞു.