തലശ്ശേരി: വനിതാ ലീഗ് മുൻ ജില്ലാ സെക്രട്ടറിയും ഏഴര വർഷം തലശ്ശേരി നഗരസഭയിൽ മുസ്ലിം ലീഗ് കൗൺസിലറും പ്രതിപക്ഷ നേതാവുമായി പ്രവർത്തിച്ച പി.പി സാജിത സംഘടന വിട്ടു.

പാർട്ടി നേതൃത്വത്തിന്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അവർ അറിയിച്ചു. ഇന്നത്തെ അവസ്ഥയിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാനും നാടിനെ സംരക്ഷിക്കാനും പ്രാപ്തിയുള്ള സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അവർ വെളിപ്പെടുത്തി.

ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ആദ്യം വനിതാ ലീഗിലുള്ള ഭാരവാഹിത്വം സാജിത രാജിവച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചേറ്റംകുന്ന് വാർഡിൽ സ്വതന്ത്രയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ദീർഘകാലം ലീഗ് നേതാവും ന്യൂമാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെ.കെ.ബഷീറും ലീഗിൽ നിന്നും രാജിവച്ചതായി അറിയിച്ചിരുന്നു.