photo
തമ്പുരാൻ കുന്നിൽ മണ്ണിടിക്കുന്നു

പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രത്തിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ തമ്പുരാൻകുന്ന് ഇടിച്ച് നാമാവശേഷമാക്കുന്നു. ഉന്നത രാഷ്ട്രീയ ബന്ധം മറയാക്കി ബഹുനില വ്യാപാര സമുച്ചയം പണിയുന്നതിന്റെ മുന്നോടിയായിട്ടാണ് കുന്ന് ഇടിക്കൽ നടക്കുന്നതെന്നാണ് പറയുന്നത്. ഇതിന് മുൻപും കുന്ന് ഇടിച്ച് കെട്ടിടങ്ങൾ പണിതിട്ടുണ്ട്.

കുന്ന് ഇടിക്കുന്നത് മൂലം ചെളിയും രാസവസ്തുക്കളുമുളള വെള്ളം സമീപമുള്ള നെൽവയലുകളിലേക്ക് ഇറങ്ങുന്നത് വ്യാപകമായ കൃഷി നാശത്തിനും വഴിവയ്ക്കുന്നു. അനിനിയന്ത്രിതമായ കുന്നിടിക്കൽ മൂലം തമ്പുരാൻ കുന്നിന്റെ ഒരു ഭാഗം ഏത് സമയത്തും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മഴ കനത്താൽ വലിയ ഉരുൾപൊട്ടലിന് തന്നെ കാരണമാകുമെന്ന ഭീതിയിലാണ് സമീപവാസികൾ. കുടിവെള്ളത്തിന് പോലും ഭീഷണിയാകുന്ന കുന്നിടിക്കൽ തടയാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.