faizal
ഫൈസൽ

മാഹി: ജീവകാരുണ്യ പ്രവർത്തകനായ ഫൈസൽ ചെള്ളത്ത് ഇതുവരെ നടത്തിയത് 61 രക്തദാനം. 1997 ൽ കോഴിക്കോട് പി.വി.എസ് ആശുപത്രിയിലാണ് ആദ്യമായി രക്തദാനം ചെയ്തത്. അതിനു ശേഷം കാൽ നൂറ്റാണ്ടുകാലമായി, മൂന്നോ നാലോ മാസം കൂടുമ്പോൾ ഫൈസൽ കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളിലും കൃത്യമായി രക്തദാനം നൽകിവരുന്നു. ബ്ലഡ് ഡോണേഴ്സ്‌ കേരളയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്.
രക്തദാനം ചെയ്യുന്ന കാര്യത്തിൽ എല്ലാതിരക്കും മാറ്റിവച്ച് കൃത്യമായി സമയം കണ്ടെത്താറുണ്ട്. മലബാർ ട്രെയിൻ പാസഞ്ചേഴ്ന്ന് ഫോറം കൺവീനറും, നാലായിരത്തിലേറെ അംഗങ്ങളുള്ള മലബാറിലെ ഏറ്റവും വലിയ ട്രെയിൻ ടൈം ഗ്രൂപ്പിന്റെ അഡ്മിനുമാണ്. ഇരച്ചെത്തുന്ന ട്രെയിനിന് മുന്നിൽ അറിഞ്ഞും അറിയാതെയും മരണപ്പെടുമായിരുന്ന നിരവധി ജീവനുകളെ ഫൈസൽ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയിട്ടുണ്ട്.

2017ൽ കോഴിക്കോട് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പാസഞ്ചർ ട്രെയിനിൽ ഓടിക്കയറുന്നതിനിടയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ പയ്യന്നൂർ സ്വദേശി സജീഷിനെ അമിത രക്തസ്രാവമുണ്ടായപ്പോൾ ചെയിൻവലിച്ചു നിർത്തി ഉടൻ ആശുപത്രിയിലെത്തിച്ചത് ഫൈസലായിരുന്നു. 2018 ജൂലായ് 27 ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത നീലേശ്വരം സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ പരിശോധകരെ കണ്ടപ്പോൾ, മാഹിയിൽ വെച്ച് ധൃതിയിൽ കമ്പാർട്ട്‌മെന്റ് മാറിക്കയറാൻ ശ്രമിക്കവെ, പ്ലാറ്റ് ഫോമിൽ നിന്ന് റെയിൽപാളത്തിലേക്ക് ഊർന്ന് വീഴുമ്പോൾ ഇരുവരേയും ചേർത്ത് പിടിച്ച് വലിച്ച് രക്ഷപ്പെടുത്തിയതും ഫൈസൽ തന്നെ.

ട്രെയിനിലെ ശുചി മുറിയിൽ ഡോർ ലോക്കായി കുടുങ്ങിപ്പോയ സ്ത്രീയെ രക്ഷപ്പെടുത്താനും ഒരിക്കൽ ഈ യുവാവിന് സാധിച്ചു. മാഹി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മുറിച്ച് കടക്കവെ തൊട്ടു മുന്നിലെത്തിയ ട്രെയിനിൽ നിന്നും മദ്യപനെ രക്ഷപ്പെടുത്തിയത് കണ്ടു നിന്നവരെ മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങൾ പിന്നെയും നിരവധി.

ആർ.പി.എഫ്. മിത്ര, മാഹി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, റെഡ് ക്രോസ് സൊസൈറ്റി തുടങ്ങിയ സംഘടനകളിലും സജീവ അംഗമാണ് ഫൈസൽ. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ ലിയാഖത്തിന്റെ മകനായ ഫൈസൽ കോഴിക്കോട്ടെ നിർമ്മാണ മേഖലയിൽ കരാറുകാരനാണ്.