ചെറുവത്തൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ രണ്ടാംതവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം. രാജഗോപാലൻ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം പിറന്ന കയ്യൂരിൽ നിന്ന് പ്രചാരണത്തിന് തുടക്കമിട്ടു. കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ‌്പാർച്ചന നടത്തിയാണ‌് മണ്ഡലം പര്യടനത്തിന‌് തുടക്കം കുറിച്ചത‌്. എൽ.ഡി.എഫ‌് നേതാക്കൾക്കൾക്കും പ്രവർത്തകർക്കും ഒപ്പം രക്തസാക്ഷി മണ്ഡപത്തിൽ എത്തിയ രാജഗോപാലന് പ്രവർത്തകർ ആവേശോജ്വല വരവേൽപ്പ് നൽകി.
എൽ.ഡി.എഫ‌് തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സാബു എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം കെ.പി. വത്സലൻ, ചെറുവത്തൂർ ഏരിയാ സെക്രട്ടറി കെ. സുധാകരൻ, വിജയൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, കെ. ബാലകൃഷ്ണൻ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. ചീമേനി രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തി.
കഴിഞ്ഞ അഞ്ചുവർഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിനുള്ള അംഗീകാരം ഉറപ്പാണെന്ന് എം. രാജഗോപാലൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി എത്തുമെന്ന് എൽ.ഡി.എഫ് നേതൃത്വം അറിയിച്ചു.