rasio
റേഡിയോ പവലിയൻ

 അനാഥാവസ്ഥയിലായത് 1972മുതൽ നാട്ടുകാർ ഒത്തുകൂടിയ റേഡിയോ പവലിയൻ

കാസർകോട്:ആവേശത്തോടെ തിരഞ്ഞെടുപ്പ് വാർത്തകളറിയാനും പാട്ടുകേൾക്കാനും നാട്ടുകാർ ഒത്തുകൂടിയിരുന്ന ഒരിടമുണ്ട് മുളിയാർ പഞ്ചായത്തിലെ ബോവിക്കാനത്ത്. സ്വാതന്ത്ര്യരജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് നിർമ്മിച്ച പവലിയന് ജവഹർലാൽ നെഹ്റുവിന്റെ പേരായിരുന്നു നൽകിയത്. നിമിഷങ്ങളുടെ ദൈർഘ്യത്തിനിടെ വാർത്തകൾ അറിയാൻ സാധിക്കുന്ന ഇക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ നിൽക്കുകയാണ് ഈ പവലിയൻ.

1972ൽ മുളിയാർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മേലത്ത് നാരായണൻ നമ്പ്യാരാണ് പവലിയന് തറക്കല്ലിട്ടത്. 1974ൽ പഞ്ചായത്ത് ഡയറക്ടർ എം. സുബ്ബയ്യയാണ് ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പ് കാലമായാൽ റേഡിയോ വാർത്തയിലൂടെ ഫലം അറിയുന്നതിനായി രാവിലെ മുതൽ നിരവധിയാളുകൾ പവലിയന് സമീപം ഒത്തുകൂടുമായിരുന്നു. വോട്ടെണ്ണൽ സമയത്ത് രാത്രി വൈകിയും ആളുകൾ വാർത്തകൾ അറിയാൻ ഇവിടെ തമ്പടിക്കും.

ആകാശവാണിയിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടികൾ പവലിനിയുമുകളിൽ സ്ഥാപിച്ചിരുന്ന രണ്ട് ഉച്ചഭാഷിണിയിലൂടെയായിരുന്നു പുറത്തേക്ക് കേൾപ്പിച്ചിരുന്നത്. ഇന്നത്തെ രാഷ്ട്രീയ വൈരാഗ്യമൊന്നും അന്നുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എല്ലാ പാർടികളുടെ പ്രവർത്തകരും പവലിയനിലുണ്ടാകും. പത്ര ദൃശ്യമാദ്ധ്യമങ്ങളൊന്നും സജീവമല്ലാതിരുന്ന കാലത്ത് ഉൾനാടൻ ഗ്രാമവാസികൾക്ക് വാർത്തകൾ അറിയാൻ ഉള്ള ഏക ആശ്രയമായിരുന്നു പവലിയൻ. ആദ്യകാലത്ത് പവലിയൻ സംരക്ഷണത്തിനായി ഒരു ജീവനക്കാരനുണ്ടായിരുന്നു. ആദ്യം റേഡിയോയും പിന്നീട് ടി.വിയും വ്യാപകമായതോടെയാണ് റേഡിയോ പവലിയൻ നോക്കുകുത്തിയായി മാറിയത്. ഇന്ന് ഈ സ്ഥാപനം കാടുകയറിയ നിലയിലാണ്. ഈ ചരിത്ര സ്മാരകം ഇനിയെങ്കിലും സംരക്ഷിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.