പയ്യന്നൂർ: റോഡ് നിർമ്മാണം പാതിയിലാക്കി കരാറുകാരൻ പോയതിനെ തുർന്ന് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് അസി. എൻജിനീയറെ ഉപരോധിച്ചു. അന്നൂർ-കാറമേൽ റോഡിലെ പ്രവൃത്തി പാതിവഴിയിലാക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

നവീകരണം ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും പ്രവൃത്തി പാതി വഴിയിലാണുള്ളത്. റോഡ് കിളച്ചിട്ട് മാസങ്ങളായെങ്കിലും ഒരു ഭാഗം മാത്രമാണ് ടാറിംഗ് നടന്നിട്ടുള്ളത്. ഇതുമൂലം കടുത്ത ദുരിതമാണ് നാട്ടുകാർ അനുഭവിക്കുന്നത്. അന്നൂർ കള്ള് ഷാപ്പ് പരിസരത്തെ ഏതാനും വീട്ടുകാർ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

റോഡ് നിർമ്മാണം ഉടൻ പുനരാരംഭിക്കണമെന്നും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ബ്ലോക്ക് പ്രസിഡന്റ് വി.സി. നാരായണൻ, സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ എ.രൂപേഷ്, കെ.വി.ഭാസ്‌കരൻ ,കെ.എം.വിജയൻ, കെ.പി.മുരളീധരൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ഒരാഴ്ചക്കുള്ളിൽ റോഡ് പണി പുനരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.

റീത്ത് വച്ചും പ്രതിഷേധം
പയ്യന്നൂർ: റോഡരികിൽ നിർത്തിയിട്ട ടാർ മിക്സിംഗ് മെഷീന് മുകളിൽ പ്രതീകാത്മകമായി റീത്ത് സമർപ്പിച്ച് അന്നൂർ കുരുക്ഷേത്ര സാംസ്‌കാരിക സംഘടനയും പ്രതിഷേധത്തിന്റെ ഭാഗമായി. അന്നൂർ അമ്പല പരിസരത്ത് നിന്നും പ്രകടനമായെത്തിയായിരുന്നു പ്രതിഷേധം. ടി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ജാഥയ്ക്ക് എൻ.വി. കൃഷ്ണൻ, എം.പി. പ്രഭാകരൻ, കെ.കെ. സുരേഷ്, ഇ.എ. നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.കെ. രാമദാസ് സ്വാഗതവും വി.കെ സോമശേഖരൻ നന്ദിയും പറഞ്ഞു.