
മണ്ഡലം കൺവെൻഷനുകളോടെ തുടക്കം
കണ്ണൂർ:നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിന് തുടക്കമിട്ട് എൽ.ഡി.എഫ്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ പര്യടനം തുടങ്ങിയതിന് പിന്നാലെ വിവിധ സ്ഥാനാർത്ഥികൾ മണ്ഡലങ്ങളിൽ പ്രധാനവ്യക്തികളെ സന്ദർശിച്ച് പിന്തുണ തേടി. എൽ.ഡി.എഫിന്റെ മണ്ഡലം കൺവെൻഷനുകൾക്കും ഇന്നലെ തുടക്കമായി.
തളിപ്പറമ്പ്, തലശേരി കൺവൻഷനുകളാണ് ഇന്നലെ നടന്നത്. തളിപ്പറമ്പ് മണ്ഡലം കൺവൻഷൻ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്‌ഘാടനം ചെയ്തു. തലശേരി മണ്ഡലം കൺവൻഷൻ പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്ത് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണ് ഉദ്‌ഘാടനം ചെയ്തത്. ധർമ്മടം, കൂത്തുപറമ്പ്, പയ്യന്നൂർ, ഇരിക്കൂർ, അഴീക്കോട് മണ്ഡലം കൺവൻഷനുകൾ ഇന്നും കല്യാശേരി, കണ്ണൂർ, മട്ടന്നൂർ, പേരാവൂർ മണ്ഡലം കൺവൻഷനുകൾ നാളെയും ചേരും.
ധർമ്മടം കൺവൻഷൻ ഇന്ന് വൈകിട്ട് 4.30ന് മമ്പറം എഡ്യുക്കേഷൻ ടെസ്‌റ്റ് ഗ്രൗണ്ടിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. മണ്ഡലം കമ്മിറ്റി ഓഫീസ് ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ കൺവൻഷൻ ഇന്ന് വൈകിട്ട് നാലിന് ഗാന്ധി പാർക്കിൽ പി.കെ. ശ്രീമതി ഉദ്‌ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എൽ.എ പങ്കെടുക്കും. കൂത്തുപറമ്പ് കൺവൻഷൻ ഇന്ന് വൈകിട്ട് 3.30 ന് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഇരിക്കൂർ മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് നാലിന് ശ്രീകണ്ഠപുരത്ത് സി.പി .എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. അഴീക്കോട് മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് നാലിന് വളപട്ടണം കമലാനെഹ്‌റു സ്‌കൂളിൽ ചേരും. പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും
കല്യാശേരി കൺവൻഷൻ നാളെ വൈകിട്ട് അഞ്ചിന് പിലാത്തറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ സി.പി .എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ മണ്ഡലം കൺവൻഷൻ നാളെ വൈകിട്ട് നാലിന് മട്ടന്നൂർ ടൗൺ സ്ക്വയറിൽ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും
പേരാവൂർ മണ്ഡലം കൺവൻഷൻ നാളെ വൈകിട്ട് മൂന്നിന് ഇരിട്ടി നായനാർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. കണ്ണൂർ മണ്ഡലം കൺവൻഷൻ നാളെ വൈകിട്ട് നാലിന് ജവഹർ ലെെബ്രറി ഗ്രൗണ്ടിൽ നടക്കും.