കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തേണ്ടതിനാൽ ജില്ലയിലെ റോഡുകൾ മുറിക്കുന്നതും കുഴിയെടുക്കുന്നതും അടിയന്തരമായി നിർത്തിവയ്ക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് ഉത്തരവിട്ടു. ഏപ്രിൽ ഏഴുവരെയോ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെയോ ആണ് നിരോധനം. ഇങ്ങനെ റോഡ് കീറുകയും കുഴിയെടുക്കുകയും ചെയ്യുന്നത് നെറ്റ് വർക്ക് കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം പ്രവൃത്തികൾ പാടുള്ളൂ എന്ന് ഉത്തരവിൽ വ്യക്തമാക്കി. മുഴുവൻ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാവൂ. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കാൻ ബി.എസ്.എൻ.എൽ സമ്മതിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, കേരള വാട്ടർ അതോറിറ്റി, ദേശീയപാത അതോറിറ്റി തുടങ്ങിയ വിഭാഗങ്ങൾ വിവിധ ആവശ്യങ്ങൾക്കായി റോഡ് മുറിക്കുകയും കുഴിക്കുകയും ചെയ്യുന്നതിനാൽ കേബിൾ ശൃംഖലയ്ക്ക് വ്യാപകമായ തകരാറുകൾ സംഭവിക്കുന്നതായി ബി.എസ്.എൻ.എൽ അറിയിക്കുകയുണ്ടായി. ഇത് വെബ്കാസ്റ്റിംഗിന് തടസ്സമാവുമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി ഉൾപ്പെടെയുള്ള സമയങ്ങളിൽ ഇക്കാര്യത്തിൽ ശക്തമായ നിരീക്ഷണം നടത്തി ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ ജനപ്രാതിനിധ്യ നിയമം 1951 പ്രകാരവും പൊതുമുതൽ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിലും നടപടികൾ

പോസ്റ്റിംഗ് ഓർഡറുകളുടെ വിതരണം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 11 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട ഡ്യൂട്ടി നിർണയം പൂർത്തിയായി. ഇവർക്കുള്ള നിയമന ഉത്തരവുകൾ താലൂക്കുകൾ വഴി ബന്ധപ്പെട്ട സ്ഥാപന മേധാവികൾക്ക് വിതരണം ചെയ്തു തുടങ്ങി. വ്യാഴാഴ്ച മുതൽ ഇവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി അവധി ദിനമായ വ്യാഴാഴ്ചയും ബന്ധപ്പെട്ട എല്ലാ ഓഫീസുകളും തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

സഹായിയുടെ കൈയിൽ മഷി പുരട്ടും

നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായി വോട്ട് ചെയ്യുന്നതിനായി വോട്ടറുടെ സഹായി ആയി വരുന്ന ആളുടെ കൈവിരലിൽ മഷിപുരട്ടും. ഇടതു കൈയിലെ മദ്ധ്യവിരലിൽ മായാത്ത മഷി പുരട്ടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. കാഴ്ചക്കുറവോ മറ്റ് ശാരീരിക അവശതകളോ കാരണം സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ സഹായി വോട്ട് ചെയ്യാൻ അവസരം. ഒരേ ആൾ ഒന്നിലധികം വോട്ടർമാരുടെ സഹായി ആയി വരുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനാണ് മഷി പുരട്ടാൻ നിർദ്ദേശം നൽകിയത്.