vayal
ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് തരിശിട്ട കുട്ടനാടിവയൽ

തൃക്കരിപ്പൂർ: കവ്വായി കായലിന്റെ കൈവഴിയായ ചെറിയചാൽ തോട് വഴി ഉപ്പുവെള്ളം കയറി തൃക്കരിപ്പൂരിലെ പ്രധാന പാടശേഖരങ്ങൾ നാശോന്മുഖമായി. പ്രദേശത്തെ ഏറ്റവും കൂടുതൽ നെൽക്കൃഷിയുള്ള കുട്ടനാടി പാടശേഖരമടക്കം കർഷകർ തരിശിട്ടിരിക്കുകയാണിപ്പോൾ.മൂന്നുവിള കൃഷിയുണ്ടായിരുന്ന വയലുകളാണ് ഈ വിധത്തിൽ ഉപയോഗശൂന്യമാകുന്നത്.

പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലാണ് ഉപ്പുവെള്ളഭീഷണി കൂടുതൽ. ഉപ്പുവെള്ളത്തെ പ്രതിരോധിക്കാൻ ഈ തോടിൽ തൈക്കീൽ വെള്ളാപ്പ് എന്നിവിടങ്ങളിൽ രണ്ടു ക്രോസ് ബാറുകൾ നിലവിലുണ്ട്. എന്നാൽ ഈ ക്രോസ് ബാറുകളുടെ

പില്ലറുകൾ തുരുമ്പെടുത്തും ഷട്ടറുകൾ തകർന്നുമാണുള്ളത്. ചെറിയ ചാൽ തോടിന് കുറുകെ ക്രോസ്ബാർ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൈക്കോട്ട് കടവ് ക്രോസ് ബാർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ചെറുകിട ജലസേചന വകുപ്പ് അധികൃതർ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയത്.ഈ പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

കൈക്കോട്ട് കടവിൽ നിന്നും തുടങ്ങി വൾവക്കാട് ബീരിച്ചേരി, തൈക്കീൽ വരെയാണ് ചെറിയ ചാൽ തോട് . വീതി കുറഞ്ഞതിനാൽ കനാലിന്റെ ഇരുകരകളിലുമുള്ള വയലുകളിലേക്ക് ഉപ്പുവെള്ളം കയറുകയാണ്. മധുരംകൈ, വൾവക്കാട് ,ആയിറ്റി, വെള്ളാപ്പ് എന്നീ പാഠ ശേഖരങ്ങളിലും ഇതെ അവസ്ഥയാണ് .നെല്ലിന് പുറമെ തെങ്ങുകളും ഉപ്പുവെള്ളം കയറി നശിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ മികച്ച രീതിയിൽ പച്ചക്കറി ഉത്പാദിപ്പിച്ചിരുന്ന വയലുകളായിരുന്നു ഇവ. ഉപ്പുവെള്ളം പരന്നൊഴുകിയതോടെ കൃഷിയിൽ നഷ്ടം നേരിട്ടവർ പിൻവാങ്ങുകയായിരുന്നു.

മണൽചാക്കുവച്ച് എന്താകാൻ

തൈക്കീലിലേയും വെള്ളാപ്പിലേയും തകർന്ന ഷട്ടറുകൾക്ക് മുന്നിൽ കർഷകർ മണൽചാക്ക് കൂട്ടിയിട്ട് പുഴവെള്ളം കയറാതിരിക്കാൻ കർഷകർ സ്വന്തം നിലയ്ക്ക് ശ്രമിച്ചതാണ്. പക്ഷെ ഫലപ്രദമായില്ല.കേടായ ഷട്ടറുകൾ നവീകരിച്ച് കാര്യക്ഷമമാക്കാൻ ചെറുകിട ജലസേചന വകുപ്പ് അധികൃതർ തയ്യാറാക്കാത്തതാണ് നെൽപ്പാടങ്ങളുടെ ദുരവസ്ഥക്ക് കാരണമെന്ന് കർഷകർ ആരോപിക്കുന്നു.

നെൽവയലുകളാകെ ഉപ്പുവെള്ളം കയറിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.