
കണ്ണൂർ:ചരിത്രം ഇടതിനൊപ്പമാണെങ്കിലും കഴിഞ്ഞ രണ്ടുതവണയടക്കം യു.ഡി.എഫ് ജയം നേടിയ അഴീക്കോട് പ്രവചനാതീതമായ സ്വഭാവം സൂക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. സി.പി.എം വിട്ടതിന് പിന്നാലെ എം.വി.രാഘവൻ ജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകനും മാദ്ധ്യമപ്രവർത്തകനുമായ എം.വി.നികേഷ് കുമാർ സി.പി.എം ചിഹ്നത്തിൽ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം.ഷാജിയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. ഇക്കുറി ഇടതുസ്ഥാനാർത്ഥിയായി മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിനെയാണ് സി.പി.എം ഇറക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥി ആരെന്ന് ഇന്ന് വ്യക്തമാകും.
പ്രദേശത്തെ കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടി നികേഷ് കിണറ്റിലിറങ്ങി വെള്ളം പരി ശോധിച്ചതും കെ.എം .ഷാജി വർഗീയ പ്രചാരണം നടത്തിയെന്നതുമടക്കം സംഭവബഹുലമായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ്. 2284വോട്ടിനായിരുന്നു കെ.എം.ഷാജി 2016ൽ വിജയിച്ചത്. എന്നാൽ വർഗീയത പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഷാജിയുടെ നിയമസഭ അംഗത്വം ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. എന്നാൽ വിധിയ്ക്ക് സ്റ്റേ നേടി സുപ്രിംകോടതിയിൽ അപ്പീൽ നൽകിയ ഷാജിയ്ക്ക് നിയമസഭ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അനുമതിയും ലഭിച്ചു.
ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഉറച്ച ദൗത്യവുമായാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിനെ അഴീക്കോട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷം വിവിധ മേഖലകളിലായി ജില്ലാ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളും സ്ഥാനാർത്ഥിത്വത്തിന് പിന്നിലുണ്ട്. കഴിഞ്ഞ രണ്ടു വട്ടവും ചെറിയ ഭൂരിപക്ഷത്തിൽ മാത്രം ജയിച്ച കെ.എം .ഷാജി തന്നെ ഇക്കുറിയും അഴീക്കോട് മത്സരിക്കുമെന്നാണ് സൂചന.ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽ കരിം ചേലേരിയുടെ പേരും ഉയരുന്നുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും തുല്യശക്തികളായ മണ്ഡലത്തിൽ ബി.ജെ.പി ഓരോ തിരഞ്ഞെടുപ്പിലും വോട്ട് വർദ്ധിപ്പിച്ചു വരുന്നുണ്ട്.
അഴിക്കോട്, ചിറക്കൽ, വളപട്ടണം,, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളും കണ്ണൂർ കോർപറേഷനിലെ പുഴാതി, പള്ളിക്കുന്ന് ഡിവിഷനുകളും ഉൾപ്പെട്ടതാണ് നിയോജകമണ്ഡലം
അല്പം ചരിത്രം
അഴീക്കൽ തുറമുഖവും പല വ്യവസായകേന്ദ്രങ്ങളും ഉൾപ്പെടുന്ന അഴീക്കോട് മണ്ഡലം 1977ലാണ് രൂപംകൊള്ളുന്നത്. അതിനുമുമ്പ് ഇപ്പോഴില്ലാത്ത മാടായി മണ്ഡലത്തിന്റെയും ഇപ്പോഴുള്ള കല്യാശ്ശേരി മണ്ഡലത്തിന്റെയും ഭാഗമായിരുന്നു .സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദനായിരുന്നു അഴിക്കോട് മണ്ഡലത്തിലെ ആദ്യ എം.എൽ.എ. 1987ൽ സി.എം.പി രൂപീകരിച്ച എം.വി.രാഘവൻ പിടിച്ചെടുത്ത സീറ്റ് 1991ൽ ഇ.പി.ജയരാജനിലൂടെയാണ് സി.പി.എം തിരിച്ചുപിടിച്ചത്. 1996ൽ ടി.കെ.ബാലൻ മണ്ഡലം നിലനിർത്തി.2001ലും വിജയിച്ച ടി.കെ.ബാലൻ ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിൽ എം.പ്രകാശനാണ് സി.പി.എമ്മിനായി വിജയം നേടിയത്. 2006ലും എം.പ്രകാശൻ വിജയം നിലനിർത്തി.
മണ്ഡലം പുനർനിർണയിച്ച ശേഷം 2011ൽ നടന്ന തിരഞ്ഞെടുപ്പിൽ കഥ മാറി. കല്യാശ്ശേരിയും കണ്ണപുരവും കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലേക്ക് പോയപ്പോൾ യു.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകൾ കൂട്ടിച്ചേർത്തു. വയനാട്ട് നിന്നെത്തിയ അന്നത്തെ യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് കെ.എം.ഷാജിയോട് 453 വോട്ടിന് എം.പ്രകാശൻ പരാജയപ്പെട്ടു.2016ൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച് ഷാജി മണ്ഡലം നിലനിർത്തി.