
കൂത്തുപറമ്പ് : രാഷ്ട്രീയത്തിൽ സാദ്ധ്യതകളുടെ കലയാണെന്ന് ആരു സമ്മതിച്ചില്ലെങ്കിലും ഇത്തവണ കൂത്തുപറമ്പിലെ ഇടതുമുന്നണി പ്രവർത്തകർ സമ്മതിക്കും. നിലവിൽ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന മന്ത്രി കെ.കെ.ശൈലജയുടെ എതിരാളിയായി 2016ൽ മത്സരിച്ച കെ.പി.മോഹനന്റെ വിജയത്തിനായി ഇത്തവണ കൈയും മെയ്യും മറന്ന് പോരാടേണ്ട അവസ്ഥയാണവർക്ക്.
അന്നത്തെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമായിരുന്ന കെ.പി. മോഹനന്റെ എൽ.ജെ.ഡി ഇപ്പോൾ ഇടത് മുന്നണിയുടെ ഭാഗമാണ്. പ്രമുഖസോഷ്യലിസ്റ്റായിരുന്ന പരേതനായ മുൻമന്ത്രി പി.ആർ. കുറുപ്പും മകൻ കെ.പി. മോഹനനും ഏറെക്കാലം ഇടതുമുന്നണിയിലായിരുന്നു. എന്നാൽ മുന്നണിയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജനതാദൾ-യു യു.ഡി.എഫിലേക്ക് കൂടുമാറി.
2011 ൽ യു.ഡി.എഫ് പക്ഷത്തായിരുന്ന കെ.പി.മോഹനൻ ഇടതുമുന്നണിയിലെ ഐ..എൻ.എൽ സ്ഥാനാർഥി എസ്.എ പുതിയവളപ്പിലിനെ 3308 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കൃഷിമന്ത്രിയായത്.തുടർച്ചയായി 40 വർഷം സി.പി.എം മാത്രം പ്രതിനിധീകരിച്ച കൂത്തുപറമ്പ് മണ്ഡലം 2011 ൽ മാത്രമാണ് യു.ഡി..എഫിന് പിടിച്ചെടുക്കാനായത്.
എന്നും വി.ഐ.പി മണ്ഡലം
1970 ലെ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നിയമസഭാപ്രവേശനത്തോടെയാണ് കൂത്തുപറമ്പ് മണ്ഡലം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതാണ്.1996ൽ ഇന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആദ്യമായി നിയമസഭയിലെത്തിയതും ഇവിടെ നിന്നാണ്.
കോൺഗ്രസിലെ എം.പി.കൃഷ്ണൻ നായരെ 19,000 വോട്ടിനാണ് തോൽപ്പിച്ചത്. 2001 ൽ സി.പി.എം നേതാവ് പി.ജയരാജൻ കോൺഗ്രസ് സ്ഥാനാർഥിയായ കെ.പ്രഭാകരനെ 18, 620 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.ഒരു കേസിലെ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടത്ഥി തിരഞ്ഞെടുപ്പ് അസാധുവാക്കി. ഇതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 45,377 ആയി വർദ്ധിപ്പിച്ച് പി.ജയരാജൻ സഭയിലേക്ക് മടങ്ങിയെത്തി.2006 ൽ 38,327 വോട്ടിന്റെ ഭൂരിപക്ഷത്തിന് വീണ്ടും ജയരാജൻ .
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിമാറിയ അന്നത്തെ സോഷ്യലിസ്റ്റ് ജനത യു.ഡി.എഫിലേക്ക് മാറി എൽ.ഡി.എഫിനെതിരെ മത്സരിച്ചു. അവരുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി. മോഹനൻ വിജയിച്ച് മന്ത്രിയുമായി. ഐ.എൻ.എല്ലിലെ എസ്.എ. പുതിയവളപ്പിലായിരുന്നു അന്ന് എതിരാളി. എന്നാൽ 2016-ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ കേന്ദ്രകമ്മിറ്റി അംഗം ശൈലജയെ സി..പി. എം ഇറക്കി . 12,291 വോട്ടിന് ശൈലജ വിജയിച്ചു. പിന്നീട് രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റമുണ്ടാകുകയും കെ.പി. മോഹനൻ പ്രതിനിധാനം ചെയ്ത ജനതാൾ-യു എൽ .ജെ.ഡിയായി വീണ്ടും ഇടത്തോട്ടുമാറി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിരാളിക്ക് വേണ്ടി സി.പി.എമ്മിന് വോട്ടുപിടിക്കേണ്ട സ്ഥിതിയുമായി.