മാഹി: പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സ്റ്റാഫ് ക്വാർട്ടേഴ്സിൽ കുടിവെള്ളം പാഴാകുന്നു. വർഷങ്ങൾ പഴക്കമുള്ള അഞ്ചരക്കണ്ടി വാട്ടർ ടാങ്കിലേക്കുള്ള തുരുമ്പിച്ച പൈപ്പ് ലൈനും പൊട്ടിയ ടാങ്കും നിമിത്തം ജലം പുറത്തേയ്ക്ക് ഒഴുകുകയാണ്. കിണറിനടുത്തുള്ള പമ്പ് ഹൗസിലുള്ള രണ്ട് മോട്ടോറുകളും ഏറെക്കാലം പഴക്കമുള്ളതാണ്. ഇടക്കിടെ മോട്ടോർ പണിമുടക്കാറുമുണ്ട്. പമ്പ് ഹൗസിനകത്തെ ഇലക്ട്രിക് കണക്ഷനുകൾ കണ്ടാൽ ജീവനിൽ ഭയമുള്ളവരാരും പമ്പ് ഹൗസിനകത്ത് കയറില്ല. ഈ കൃത്യം നിർവ്വഹിക്കുന്നതും ക്വാർട്ടേഴ്സിലെ തന്നെ താമസക്കാരാണ്, നിരവധി തവണ ഇതെല്ലാം ചൂണ്ടിക്കാണിച്ച് മേലാധികാരികൾക്ക് പരാതി കൊടുത്തെങ്കിലും, ഫണ്ടില്ലെന്നും മറ്റും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.
മാസാമാസം ക്വാർട്ടേഴ്സ് വാടക ഇനത്തിലും, വൈദ്യുതി ചാർജിനത്തിലും ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക കൃത്യമായി പിടിച്ചെടുക്കുന്ന മേലാധികാരികൾ പ്രശ്ന പരിഹാരത്തിന് ഫണ്ടില്ലെന്നു പറയുന്നത് എന്തു ന്യായമാണെന്ന് താമസക്കാർ ചോദിക്കുന്നു. വർഷങ്ങൾ പഴക്കമുള്ള ക്വാർട്ടേഴ്സിൽ വെള്ളപൂശാനോ പെയിന്റിംഗിനോ റീവയറിംഗിനോ തയാറാകുന്നുമില്ല.