ന്യൂമാഹി: പെരിങ്ങാടി മമ്മി മുക്കിൽ ഓവുചാലിൽ നിന്നുള്ള ദുർഗന്ധം വാഹനയാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതമായി. മൂക്ക് പൊത്താതെ കാൽനട യാത്രക്കാർക്ക് ഇതിലൂടെ കടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. മമ്മി മുക്ക് ജംഗ്ഷനിലൂടെ കടന്നുപോകുന്ന ഓവുചാലിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നത്.

സമീപത്തെ കടകളിൽ നിന്നും മറ്റും കൊണ്ടിടുന്ന മാലിന്യങ്ങളാണ് ഇതിന് കാരണം. ഇതത്രയും മാഹി പുഴയെയാണ് മലിനമാക്കുന്നത് . മുൻകാലങ്ങളിൽ വേലിയേറ്റ സമയത്ത് പുഴയിൽ നിന്നും വെള്ളം കയറുന്ന ഓവുകളാണിത്. കറുപ്പ് നിറത്തിലുള്ള 'മലിനജലം' കെട്ടിക്കിടക്കുന്ന ദുർഗന്ധം പരിസരവാസികൾക്ക് വീടിനു പുറത്തിറങ്ങാൻ ആവാത്ത അവസ്ഥയാണ്.

കൂടാതെ നിരവധി മാരക രോഗങ്ങൾക്കും ഇടയാകും. നിരവധി തവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും, ഇനി ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാർ പറയുന്നു.