photo
മാട്ടൂൽ കടപ്പുറത്ത് ഒരു സുരക്ഷയുമില്ലാതെ കടലിൽ ഇറങ്ങുന്നവർ

പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് ഒരുക്കിയിരിക്കുന്ന ഹോട്ടലുകളിലേക്കും പെറ്റ് സ്റ്റേഷനിലേക്കും ഒഴുകി എത്തുന്നത് ആയിരങ്ങൾ. ഒരു നിയന്ത്രണവുമില്ലാതെ അടുത്ത ജില്ലയിൽ നിന്ന് വരെ എത്തുന്ന സഞ്ചാരികൾ നാടിന് ആശങ്കയായിരിക്കുകയാണ്. നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതരോ പൊലീസോ സുരക്ഷാ ക്രമീകരങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ലെന്നതാണ് പരാതി.

സ്ത്രീകളും കുട്ടികളും യഥേഷ്ടം കടലിൽ ഇറങ്ങുന്നത് നിത്യ കാഴ്ചയാണിവിടെ. കൊവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി സാമൂഹിക അകലമില്ലാതെ കൂട്ടമായിട്ടാണ് ഇവിടെ ആളുകൾ സഞ്ചരിക്കുന്നത്. അതിൽ പലർക്കും മാസ്ക്ക് പോലും ഇല്ല. ഇവിടെ പ്രവർത്തിക്കുന്ന പെറ്റ് സ്റ്റേഷനിൽ പക്ഷികളെയും മറ്റ് ഉരഗങ്ങളെയും കാണുന്നതിന് വൻ തിരക്കാണ്. പൊതു ജനങ്ങളിൽ നിന്ന് ആരോപണം ഉയർന്നതോടെ കടപ്പുറത്ത് സൂചന ബോർഡ് വെച്ച് മാട്ടൂൽ പഞ്ചായത്ത് അധികൃതർ ആശ്വാസം കണ്ടെത്തുകയായിരുന്നു.

ലൈഫ് ഗാർഡിനെ നിയമിക്കുക,​ മറ്റ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക,​ ഒഴിവ് ദിവസങ്ങളിൽ പൊലീസ് സുരക്ഷ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർന്നുവരുന്നത്.