പയ്യന്നൂർ: ജൈവഭൂമി നാച്വറൽ ഫാർമേഴ്സ് സൊസൈറ്റി, പയ്യന്നൂർ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിത്തുത്സവം വിത്തുപുരയിൽ വൈവിദ്ധ്യങ്ങളായ വിത്തിനങ്ങൾ. മുള്ളൻ കിഴങ്ങ്, ഗന്ധകശാല കാച്ചിൽ, കടുവാക്കയ്യൻ, പരിചകോടൻ, പൂക്കിഴങ്ങ്, അടതാപ്പ്, നൂറക്കിഴങ്ങ് തുടങ്ങി 26 ഇനം കാച്ചിലുകൾ. മക്കളെപ്പോറ്റി, ആറൻമുള കണ്ണൻ ചേമ്പ് തുടങ്ങി 10 ഇനം ചേമ്പുകൾ. കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ, ഇസ്രായേൽ, സിലോൺ മഞ്ഞൾ എന്നിങ്ങനെ 20 ഇനം മഞ്ഞൾ, കരി ഇഞ്ചി, റെഡ് ഇഞ്ചി, മാരൻ എന്നിങ്ങനെ 5 ഇനം ഇഞ്ച . കയമ, ചുവന്നകുറുവ, ചിറ്റേനി, നവര, രക്തശാലി, തൊണ്ണൂറാൻ എന്നിങ്ങനെ 40 ഇനം തനത് നെൽവിത്തുകൾ. കോങ്ങാടൻ, കരിന്തണ്ടൻ, വെണ്ണ ചക്കര, കാരറ്റ് കിഴങ്ങ് എന്നിങ്ങനെ 12 ഇനം മധുരക്കിഴങ്ങുകൾ. ഗേജേന്ദ്ര ചേന, നെയ് ചേന. വിവിധ വർണ ചോളങ്ങൾ, പച്ചക്കറി വിത്തുകൾ, വിവിധ വാഴ ഇനങ്ങൾ തുടങ്ങിയ വൈവിദ്ധ്യങ്ങളായ ഇനങ്ങൾ വിത്തുപുരയെ ശ്രദ്ധേയമാക്കുന്നു.

ബ്ലാക്ക് റൈസ്, രക്തശാലി, വലിയ ചെന്നെല്ല്, ചെന്താടി, കറുത്ത നവര, മുള്ളൻ കഴമ എന്നീ ഔഷധ നെല്ലിനങ്ങളുടെ തവിടുള്ള അരി, കഴമ, കുറുവ കുത്തരി എന്നിവയും വിത്ത് പുരയിലുണ്ട്. നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ വിത്ത് കൈമാറ്റം നിർവ്വഹിച്ചു. ജൈവഭൂമി ചെയർപേഴ്സൺ പി.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. വിത്തുത്സവം 14 വരെ തുടരും. രാവിലെ 10 മണി മുതൽ വൈകുന്നേരം 6.30 വരെയാണ് വിത്തുകളുടെ പ്രദർശനവും വിൽപനയും.