
കാസർകോട്: പഴയ വോട്ടുകളുടെ കണക്കുകളെല്ലാം അട്ടിമറിക്കുന്ന ചിത്രമാണ് മഞ്ചേശ്വരം മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ളത്. ഈ കുറഞ്ഞ വോട്ട് വ്യത്യാസത്തിന്റെ കണക്കുകൾ തിരിച്ചറിഞ്ഞാണ് പുറത്തുനിന്നുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കി കൊണ്ട് സി .പി. എം നേതൃത്വം പുതിയ പരീക്ഷണം നടത്തുന്നത്. വി .വി. രമേശന്റെ കഴിവും തിരഞ്ഞെടുപ്പ് പാടവവും പ്രയോജനപ്പെടുത്തിയാൽ മണ്ഡലത്തിന്റെ ചിത്രം മാറ്റിമറിക്കാമെന്നാണ് പാർട്ടിയുടെ കണക്കുക്കൂട്ടൽ.
രണ്ടേകാൽ ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1.80 ലക്ഷം വോട്ടുകളാണ് സ്ഥിരമായി പോൾ ചെയ്യുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ ലീഗിലെ പി .ബി.അബ്ദുൾ റസാഖ് 56870 വോട്ടും ബി .ജെ. പിയിലെ കെ. സുരേന്ദ്രൻ 56781 വോട്ടും സി .പി. എമ്മിലെ സി .എച്ച്. കുഞ്ഞമ്പു 42565 വോട്ടും നേടിയിരുന്നു. 89 വോട്ടിനായിരുന്നു പി .ബി.അബ്ദുൾറസാഖിന്റെ ജയം .അബ്ദുൾറസാഖിന്റെ മരണത്തെ തുടർന്ന് 2019 ലെ ഉപതിരഞ്ഞെടുപ്പിൽ 7923 വോട്ടിനാണ് ലീഗിലെ എം. സി. ഖമറുദ്ദീൻ ബി .ജെ. പിയുടെ രവീശ തന്ത്രി കുണ്ടാറിനെ തോൽപ്പിച്ചത്. സി.പി.എമ്മിലെ എം ശങ്കർ റായിക്ക് 38,000 ത്തിൽപ്പരം വോട്ട് മാത്രമാണ് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ കണക്കുകളെല്ലാം അട്ടിമറിഞ്ഞു. മണ്ഡലത്തിൽ മൊത്തം ഇടതുമുന്നണിക്ക് കിട്ടിയ വോട്ട് അരലക്ഷം കടന്നിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. 52000 വോട്ട് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. യു. ഡി. എഫിന് 55000 വോട്ടുകളും ലഭിച്ചുവെന്നാണ് കണക്കുകൾ.
മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച യു .ഡി. എഫ് വോട്ടുകളിൽ ഗണ്യമായ ഇടിവാണ് സംഭവിച്ചത്. ബി .ജെ .പിക്ക് മണ്ഡലത്തിൽ ലഭിക്കുന്ന പരമാവധി വോട്ടുകൾ ആയെന്നാണ് പറയുന്നത്. പിന്നാക്ക വിഭാഗത്തിന്റെ മാത്രമായുള്ള 40,000 വോട്ടുകൾ നിർണ്ണായകമാണെന്ന് എൽ. ഡി. എഫ് മണ്ഡലം നേതാക്കൾ തന്നെ സമ്മതിക്കുന്നു. വി.വി രമേശന് ആ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കുമെന്നാണ് വിശ്വാസം.യു .ഡി .എഫും , ബി .ജെ .പിയും പുതുമുഖ സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്നാണ് സൂചനകൾ. അതോടെ കന്നിയങ്കക്കാരുടെ കരുത്തുറ്റ ത്രികോണമത്സരത്തിന് മഞ്ചേശ്വരത്ത് അവസരമൊരുങ്ങും.