തലശ്ശേരി: അങ്കത്തട്ടിലെ എതിരാളികൾ ഇനിയും അരങ്ങിലെത്തിയില്ലെങ്കിലും, ഇടതു ശക്തിദുർഗ്ഗമായ തലശ്ശേരി മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ അഡ്വ. എ.എൻ. ഷംസീർ രണ്ടാമങ്കത്തിന്റെ പടയോട്ടം തുടങ്ങി. കൂത്തുപറമ്പ് സംഭവത്തിൽ പരിക്കേറ്റു കഴിയുന്ന പുതുക്കുടി പുഷ്പന്റെ ആശീർവാദത്തോടെയാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കഥാകൃത്ത് ടി. പത്മനാഭൻ, അഴീക്കോടൻ രാഘവന്റെ സഹധർമ്മിണി മീനാക്ഷി ടീച്ചർ തുടങ്ങിയവരുടെ വസതികളിലെത്തി അനുഗ്രഹം തേടി.

ശ്രീ ജഗന്നാഥ ക്ഷേത്രത്തിലും ഷംസീർ ദർശനം നടത്തി. ശ്രീജ്ഞാനോദയ യോഗം അദ്ധ്യക്ഷൻ അഡ്വ. കെ. സത്യൻ, സ്വാമി പ്രേമാനന്ദ, ഡയറക്ടർ രാജീവൻ മാടപ്പീടിക തുടങ്ങിയവർ എം.എൽ.എയെ സ്വീകരിച്ചു. 1250 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസമാണ് ഷംസീറിന് പുഞ്ചിരിയോടെ വോട്ടർമാരെ സമീപിക്കാൻ കരുത്തുപകരുന്നത്. മുൻ മുഖ്യമന്ത്രി ഇ.കെ.
നായനാരും, പാട്യം ഗോപാലനും, രാജു മാസ്റ്ററും, കൊടിയേരിയുമൊക്കെ മത്സരിച്ച് ജയിച്ച ഈ മണ്ഡലം കൂടുതൽ ചുവപ്പിക്കുകയാണ് ലക്ഷ്യം. 2014ൽ വടകര പാർലമെന്റ് മണ്ഡലത്തിൽ തന്റെ കന്നിയങ്കത്തിൽ, മൂവായിരത്തിലേറെ വോട്ടുകൾക്കായിരുന്നു ഷംസീർ, സീനിയർ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടത്. ടി.പി. ചന്ദ്രശേഖരൻ ഇഫക്ടും, അപരൻ മൂവായിരത്തിലേറെ വോട്ടു വാങ്ങിയതുമാണ് യുവനേതാവായ ഷംസീറിന്റെ പരാജയത്തിന് അന്ന് കാരണമായത്. എന്നാൽ തൊട്ട് പിറകെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് എ.പി. അബ്ദുള്ളക്കുട്ടിയെ തോൽപ്പിച്ച്, ഷംസീർ അസംബ്ലിയിലെത്തിയത്.

ഇക്കുറി ഷംസീറിന്റെ എതിരാളിയാരെന്ന കാര്യത്തിൽ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. മുൻ നഗരസഭാംഗവും, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എം.പി. അരവിന്ദാക്ഷനായിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥിയെന്നറിയുന്നു. കതിരൂർ, എരഞ്ഞോളി, കോടിയേരി പ്രദേശങ്ങളിലെ സമുദായ സ്വാധീനവും, ലാളിത്യവും, ജനകീയതയുമാണ് അരവിന്ദാക്ഷനെ തുണയ്ക്കുന്ന ഘടകങ്ങൾ. ജില്ലാ പ്രസിഡന്റും സൗമ്യനുമായ എൻ. ഹരിദാസ് ബി.ജെ.പി സ്ഥാനാർത്ഥി ആയേക്കുമെന്നും സൂചനയുണ്ട്. ബി.ജെ.പിയുടെ ഒരു വോട്ട് പോലും ചോർന്ന് പോകാതിരിക്കാൻ, സംഘപരിവാർ ശക്തികളുടെ പ്രിയങ്കരനായ നേതാവ് സദാനന്ദൻ മാസ്റ്ററെ നിർത്താനും ശക്തമായ സമ്മർദ്ദമുണ്ട്. ഏതായാലും രണ്ട് നാൾക്കകം ചിത്രം തെളിയും.