മട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. പണം അടങ്ങിയ മേശവലിപ്പ് അടക്കം എടുത്ത് കൊണ്ടുപോയി. നടുവനാട് കാളാന്തോട് കള്ള് ഷാപ്പിന് സമീപത്തെ പി. സജീവന്റെ പലചരക്ക് കടയിലും നടുവനാട് ടൗണിലെ ഒരു ഹോട്ടലിലുമാണ് മോഷണം നടന്നത്. സജീവന്റെ കടയിൽ നിന്നും 2000 രൂപയോളമാണ് മോഷണം പോയത്. കടയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് പണം സൂക്ഷിച്ച മേശവലിപ്പ് അടക്കം എടുത്ത് കൊണ്ടുപോയി.
നടുവനാട് ടൗണിലെ ടി.മുഹമ്മദിന്റെ ടി.എം.ടി സ്റ്റാളിന്റെ പൂട്ട് പൊളിച്ചു അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടമായില്ല. കടയുടെ പൂട്ട് അടക്കം മോഷ്ടാക്കൾ കൊണ്ടുപോയി. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സി.സി ടി.വി കാമറ അടക്കം പരിശോധിച്ചു വരികയാണ്. മോഷണം നടന്ന കടകൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ. സുധാകരൻ സന്ദർശിച്ചു. രണ്ടാഴ്ച മുമ്പ് മട്ടന്നൂർ നഗരത്തിലെ മൂന്ന് കടകളിൽ മോഷണം നടന്നിരുന്നു.