cpi

കാഞ്ഞങ്ങാട് : റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൂന്നാമതും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് സി .പി .ഐയിൽ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ബങ്കളം കുഞ്ഞികൃഷ്ണൻ എൽ. ഡി .എഫ് കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവെച്ചു. ഇന്നലെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുത്തതുമില്ല.ബങ്കളം കുഞ്ഞികൃഷ്ണന് പിന്തുണയുമായി മടിക്കൈ, അമ്പലത്തുകര ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള 10 ബ്രാഞ്ച് സെക്രട്ടറിമാരും തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് രാജി വയ്‌ക്കുകയും കൺവെൻഷനിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്‌തു.കാഞ്ഞങ്ങാട്ട് സ്ഥാനാർത്ഥിയായി ബങ്കളം കുഞ്ഞികൃഷ്ണനെ പാർട്ടി നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കൺവീനർ സ്ഥാനം രാജിവച്ചത്.മണ്ഡലത്തിൽ ഉൾപ്പെടുന്ന സി .പി. ഐയുടെ കാഞ്ഞങ്ങാട്, പരപ്പ മണ്ഡലം കമ്മിറ്റികളിൽ ഭൂരിഭാഗം അംഗങ്ങളും ബങ്കളം കുഞ്ഞികൃഷ്ണനെയാണ് ശുപാർശ ചെയ്തത്. പരപ്പയിൽ ആകെയുള്ള 15 ൽ 12 പേരും കാഞ്ഞങ്ങാട് എട്ടുപേരും അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതെല്ലാം തള്ളിയാണ് ചന്ദ്രശേഖരന് മൂന്നാമൂഴം നല്‌കിയത്.പ്രശ്നം പരിഹരിക്കാൻ സി. പി .ഐ നേതൃത്വം ഇന്ന് ബങ്കളം കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തും. പാർട്ടിയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും പിണക്കങ്ങൾ പറഞ്ഞു തീർക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.