pinarayi

കണ്ണൂർ: പതിവു രാഷ്ട്രീയ നേതാക്കളുടെ ശൈലിയിൽ നിന്ന് മാറി മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണം മുന്നോട്ട്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് പ്രചരണത്തിനിറങ്ങുന്നത്. സമയ നിഷ്ടത പാലിക്കുന്നത് കൊണ്ട് സംഘാടകരും ജാഗ്രതയിലാണ്. പിണറായി എത്തുന്നതിന് ഒരു മണിക്കൂർ മുൻപേ ചടങ്ങുകൾ തുടങ്ങും. മുന്നണി നിയോജക മണ്ഡലം സ്ഥാനാർത്ഥിക്ക് വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ പര്യടന പരിപാടികളിലാണ് മുഖ്യമന്ത്രി കൃത്യസമയത്ത് എത്തി മടങ്ങി പോകുന്നത്.

തനിക്ക് മറ്റ് മണ്ഡലങ്ങളിൽ 16ന് ശേഷം പ്രചാരണത്തിന് പോകേണ്ടത് കൊണ്ട് എല്ലാവരും തനിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങണമെന്ന് പറഞ്ഞ് വോട്ടഭ്യർത്ഥിച്ചുകൊണ്ടാണ് എൽ.ഡി.എഫിന്റെ പടനായകൻ തന്റെ തിരഞ്ഞെടുപ്പ് പര്യടനം അവസാനിപ്പിക്കുന്നത്. സ്വാഗത പ്രസംഗവും അദ്ധ്യക്ഷ പ്രസംഗവും കഴിയുമ്പോഴേക്കും ആളുകൾ സദസിൽ തടിച്ചു കൂടിയിരിക്കും. അപ്പോഴെക്കും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം ആലേഖനം ചെയ്ത കൊടി വെച്ച ഇന്നോവ കാറിൽ മുഖ്യമന്ത്രി പറഞ്ഞ സമയമാകുമ്പോഴേക്കും എത്തും.

പിന്നെ സമയം കളയാതെ സ്ഥാനാർത്ഥി വോട്ടർമാരോട് സംസാരിച്ചു തുടങ്ങുകയാണ്. തന്റെ പതിവു ശൈലിയിൽ അണുകിട മാറാതെ തന്നെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ചെയ്ത വികസന മുന്നേറ്റങ്ങൾ ഒന്നൊന്നായി എണ്ണി പറഞ്ഞ മുഖ്യമന്ത്രി സാധാരണക്കാർ ഏറെ പ്രതിസന്ധി നേരിട്ട കൊവിഡ് കാലത്തും പ്രളയകാലത്തും സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് എങ്ങനെ തുണയായി എത്തിയെന്ന് എണ്ണിയെണ്ണി പറഞ്ഞു. കിഫ്ബിയിലൂടെ സർക്കാർ നടപ്പിലാക്കിയ കാര്യങ്ങളെ വിമർശിക്കുന്ന കോൺഗ്രസിനെയും ബി.ജെ.പിയെയും പൊളിച്ചടുക്കാനും തന്റെ പ്രസംഗത്തിൽ മറന്നില്ല.

കേരളത്തിൽ എന്തു കാര്യത്തിനും തടസം നിന്നവരാണിവരെന്നും ഇവർ പറയുന്ന നുണക്കഥകളും കള്ളക്കഥകളും ജനങ്ങൾ വിശ്വസിച്ചില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലമെന്നും അദ്ദേഹം ചൂണ്ടികാട്ടി. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുകയും ലൈഫ് ഭവന പദ്ധതി പാവപ്പെട്ടവർക്കായി നടപ്പിലാക്കുകയും ചെയ്ത സർക്കാർ കൊവിഡ് കാലത്ത് എല്ലാ കുടുംബങ്ങളിലേക്കും ഭക്ഷ്യ കിറ്റെത്തിച്ച് ആരെയും പട്ടിണി കിടത്താതെ നോക്കിയെന്നും അവകാശപ്പെട്ടു.