ആറളം: ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് വനംവകുപ്പിന്റെയും ആറളം ഫാം ജീവനക്കാരുടെയും നേതൃത്വത്തിൽ സംയുക്തനീക്കം നടത്തും. ആറളം, കൊട്ടിയൂർ, കണ്ണവം റേഞ്ചുകളിലെ 30 ഓളം വനപാലകരും ആറളം ഫാമിലെ പത്തോളം തൊഴിലാളികളും ദൗത്യത്തിൽ പങ്കാളികളാകും.
നാളെ രാവിലെ 6.30ന് തുടങ്ങുന്ന തുരത്തൽ പൂർത്തിയായില്ലെങ്കിൽ അടുത്തദിവസവും തുടരും. ഫാമിലെ ഒന്ന്, രണ്ട്, നാല് ബ്ലോക്കുകളിലാണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. അവിടെ നിന്നും കിലോമീറ്ററുകൾ തുരത്തി വേണം വനാതിർത്തിയിൽ എത്തിക്കാൻ. ആനക്കൂട്ടം ആനമതിൽ തകർത്ത ഭാഗത്തുകൂടിയാണ് വനത്തിലേക്ക് തുരത്തേണ്ടത്. നേരത്തെ ഇത്തരത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഏറെ ശ്രമത്തിനൊടുവിൽ വനത്തിനുള്ളിലേക്ക് കടത്തിവിടുന്ന ആനക്കൂട്ടം ഒന്നോ രണ്ടോ ദിവസം വനത്തിൽ നിന്നശേഷം വീണ്ടും കൃഷിയിടത്തിലേക്കുതന്നെ തിരിച്ചെത്തുകയാണ് പതിവ്.
വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും കിട്ടാത്തതാണ് ജനവാസകേന്ദ്രത്തിലേക്ക് ആനകൾ മടങ്ങുന്നതിന് പിന്നിലെന്ന് പറയപ്പെടുന്നു.
തുരത്തേണ്ടത് 15 ആനകളെ
ഫാമിലെ കൃഷിയിടത്തിൽ 15 ആനകളുണ്ടെന്നാണ് വനംവകുപ്പ് സ്ഥിരീകരിച്ചത്. ഇവയിൽ രണ്ട് കുട്ടിയാനകളുമുണ്ട്.
കുട്ടിയാനയുള്ളതിനാൽ ആനക്കൂട്ടം അക്രമകാരികളാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മേഖലയിൽ കനത്ത സുരക്ഷാസംവിധാനം ഒരുക്കും.
തൽക്കാലം കശുവണ്ടി പെറുക്കലില്ല
ഫാം മേഖലയിൽ കശുവണ്ടി പെറുക്കലുമുൾപ്പെടെ എല്ലാം പ്രവൃത്തികളും നിർത്തിവയ്ക്കും. ഫാമിനകത്തുകൂടി പോകുന്ന കക്കുവപാലപ്പുഴ റോഡ് അടച്ചിടും. നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡിലൂടെ വേണം ആനക്കൂട്ടത്തെ വനമേഖലയിലേക്ക് കടത്തിവിടാൻ. പുനരധിവാസ മേഖലയിലേക്കുള്ള മുഴുവൻ റോഡുകളും നിരീക്ഷിക്കും. ആളുകൾ പുറത്തിറങ്ങാതിരിക്കാൻ വനംവകുപ്പ് വാഹനത്തിൽ അനൗൺസ്മെന്റും നടത്തും. പുനരധിവാസ മേഖലയിലെ വിവിധ വീടുകൾക്ക് സമീപത്തുകൂടിയാണ് ആനക്കൂട്ടത്തെ കടത്തിവിടേണ്ടത്.