തൃക്കരിപ്പൂർ: വീട്ടാവശ്യത്തിനുള്ള പാലിനായി തൊഴുത്തിൽ കുള്ളൻ പശു,മുട്ടയ്ക്കും ഇറച്ചിക്കും കോഴി ഫാം,പെടക്കുന്ന മീൻ കഴിക്കാൻ ഒന്നാന്തരം മത്സ്യക്കുളം ,പിന്നെ ആവശ്യത്തിന് പച്ചക്കറികൾ എന്തിനേറെ അരിയടക്കം സ്വന്തം നിലയ്ക്ക് ഉത്പാദിക്കുന്ന ഒരു പഴയ കാൽപന്തുകളിക്കാരനുണ്ട് .ഫുട്ബാളിനെ ജീവവായുവാക്കി കഴിയുന്ന തൃക്കരിപ്പൂർ എടാട്ടുമ്മൽ ഗ്രാമം കേരളത്തിന് നൽകിയ ഗോളികളിലൊരാളായ സി.തമ്പാനാണ് സ്വയംപര്യാപ്തത എന്താണെന്ന് നാടിന് കാട്ടിക്കൊടുക്കുന്ന ഈ കർഷകൻ.
അരിയടക്കം തനിക്കാവശ്യമുള്ളതെല്ലാം സ്വയം ഉത്പാദിപ്പിക്കുന്ന ഈ പഴയ പ്രൊഫഷണൽ ഫുട്ബാളർ കഷ്ടിച്ച് അൻപത് സെന്റ് വിസ്തീർണ്ണമുള്ള വീട്ടുപറമ്പിലാണ് ഇതൊക്കെ ഒരുക്കിയിരിക്കുന്നത്.കെൽട്രോണിൽ നിന്ന് ജൂനിയർ എൻജിനീയറായിരിക്കെ വിരമിച്ച തമ്പാൻ രണ്ടുവർഷം മുമ്പാണ് കൃഷിയിൽ പുത്തൻ പരീക്ഷണവുമായി ഇറങ്ങിയത്.
അതിരാവിലെ പറമ്പിലേക്കിറങ്ങും. പരമാവധി സ്വന്തം നിലയ്ക്കാണ് പണി. കളിക്കളത്തിൽ കോച്ചായി സേവനമനഷ്ടിക്കുമ്പോൾ തന്നെയാണ് കാർഷിക രംഗത്തും സാന്നിദ്ധ്യമുറപ്പിച്ചിരിക്കുന്നത് . കൃഷി മികവ് അറിഞ്ഞ് നിരവധി പേർ ഈ പറമ്പ് കാണാൻ ഇപ്പോൾ എത്തുന്നുണ്ട്. എല്ലാവിധ പച്ചക്കറികളും ഈ പറമ്പിലുണ്ട്. തമ്പാന്റെ കുളത്തിൽ വളരുന്ന മീനിനും ആവശ്യക്കാരേറെയുണ്ട്.
എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബിലൂടെ കളിച്ചു വളർന്ന തമ്പാൻ കേരള ജൂനിയർ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പറായതോടെയാണ് ശ്രദ്ധ നേടിയത്. കണ്ണൂർ സ്പിരറ്റഡ് ക്ലബ്ബിനടക്കം ഗോൾവലയം കാത്ത ശേഷം കെൽട്രോണിൽ. ഫുട്ബാളിൽ നിന്ന് വിരമിച്ച ശേഷം കണ്ണൂർ അൽ-ഇത്തിഹാദ് സ്പോർട്സിന്റെ കോച്ചായി.
പള്ളിക്കര ജി.എം.യു.പി.സ്കൂൾ അദ്ധ്യാപികയായ ഭാര്യ രജനിയും മക്കളായ സിദ്ധാർത്ഥും(ഫിലിം സെൻസർ ബോർഡ് തിരുവല്ലം) സിവിനയും തമ്പാന്റെ പുതിയ ഉദ്യമത്തിന് സകലപിന്തുണയുമായുണ്ട്.
പരിസ്ഥിതിയെ നോവിക്കാതെ വിഷരഹിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കുകയെന്നതാണ് ലഷ്യം. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പറമ്പിൽ സജീവമായത്. കാലി മൂത്രവും ജൈവവളങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. സീസണനുസരിച്ചുള്ള പച്ചക്കറി കൃഷി ചെയ്യുന്നതിനാൽ മാർക്കറ്റിൽ നിന്ന് വില കൊടുത്ത് വാങ്ങിയ കാലം മറന്നു-
. തമ്പാൻ,കർഷകൻ.