gopalan
ഗോപാലൻ തന്റെ കൃഷിത്തോട്ടത്തിൽ

കണ്ണൂർ: സമ്മിശ്ര കർഷകൻ എന്നതിനൊപ്പം കണ്ണപുരം മൊട്ടമ്മലിലെ ഗോപാലൻ ഒരു ശാസ്ത്രജ്ഞൻ കൂടിയാണെന്നാണ് നാട്ടുകാരുടെ പക്ഷം. നെല്ല് മെതിയന്ത്രവും നെല്ല് നടാനുള്ള യന്ത്രവും സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട് ഗോപാലൻ.

1996ൽ ചെമ്മീൻ കൃഷിയിലൂടെയായിരുന്നു തുടക്കം. വൈറ്റ് സ്‌പോട്ട് അസുഖം വെല്ലുവിളിയായതോടെ കടൽ കടന്നു. പ്രവാസ ജീവിതത്തിൽ ഹാർഡ്‌വെയർ ഷോപ്പിൽ സെയിൽസ് മാൻ ആയിട്ടായിരുന്നു ജീവിതം. ആറു വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയതോടെ കൃഷി വീണ്ടും മനസിലെത്തി. ഒറ്റവിള കൃഷിയേക്കാൾ ലാഭം സമ്മിശ്ര കൃഷിയെന്നായിരുന്നു രണ്ടാം അങ്കത്തിലെ തിരിച്ചറിവ്. നെൽകൃഷി, ഉഴുന്നുകൃഷി, വാഴ, കഴുങ്ങ്, വെണ്ട, വഴുതിന, തക്കാളി, റംബുട്ടാൻ, മൂസമ്പി, ആപ്പിൾ, ചാമ്പയ്ക്ക, പപ്പായ എന്നിങ്ങനെ നീളും അദ്ദേഹം തോട്ടത്തിൽ വിളയിച്ചതിന്റെ പട്ടിക. ഇതോടൊപ്പം കാട, ഇറച്ചി കോഴി, ചെമ്മീൻ, ഞണ്ട്, മത്സ്യം എന്നിവയെല്ലാം പരീക്ഷിച്ചു.

ഇവയ്ക്ക് ആവശ്യമായ യന്ത്രങ്ങളൊക്കെ സ്വന്തമായി ഉണ്ടാക്കാൻ തുടങ്ങിയതോടെ ആളുകൾക്ക് മുന്നിൽ വിസ്മയമായി മാറി. നെല്ല് മെതി യന്ത്രമായിരുന്നു ആദ്യ പരീക്ഷണം. നെല്ല് കൊയ്യാനും കറ്റ തല്ലാനും രണ്ട് ദിവസം തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടി വന്നിരുന്നു. ഈ ചെലവ് ചുരുക്കാനാണ് യന്ത്രം ഉണ്ടാക്കിയത്. ടയർ കടയിലെ ഒരു മോട്ടോറിൽ നിന്നാണ് ഇതിന്റെ ആശയം കിട്ടിയത്. മൂന്ന് വർഷത്തോളമായി ഈ യന്ത്രം വിശ്രമമില്ലാതെ ഇദ്ദേഹത്തോടൊപ്പമുണ്ട്. നെല്ല് നടാനുള്ള യന്ത്രവും ഇതിന് പിന്നാലെ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഐ.എം.എഫ് സൊസൈറ്റിയുടെ ക്ലാസിൽ പങ്കെടുത്ത ശേഷമാണ് മത്സ്യകൃഷി ആരംഭിച്ചത്. 3 വലിയ ബയോ ഫ്ലോക്കുകളും 7 ചെറിയ ടാങ്കുകളും സ്വന്തമായി ഉണ്ടാക്കി. ആസാം വാള, രോഹു, തിലോപ്പിയ എന്നിവയെയാണ് വളർത്തുന്നത്.

ഒരു പപ്പായ തൈയിൽ നിന്ന് 2000 രൂപ വരെ ലഭിക്കും. 150 തൈകൾ ഉണ്ടായിരുന്നു. മുള്ളൻപന്നിയും മയിലും വില്ലനായി. പക്ഷേ, കാർഷിക മേഖലയിൽ നിന്നും കിട്ടുന്ന മനസുഖം മറ്റൊരു മേഖലയിലും കിട്ടില്ല

ഗോപാലൻ പുതിയപുരയിൽ