pinaryi-

അഞ്ചരക്കണ്ടി ( കണ്ണൂർ): ഭരണം പിടിക്കാൻ 35 സീറ്റ് മതിയെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ബി.ജെ.പിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റായി കോൺഗ്രസ് മാറിയെന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചരക്കണ്ടി തട്ടാരിയിൽ എൽ.ഡി.എഫ് ബഹുജന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

35 സീറ്റ് കിട്ടിയാൽ കേരളത്തിൽ ഭരിക്കുമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. ബാക്കി അവർ ഉണ്ടാക്കിക്കൊള്ളുമെന്നാണ്. ഭരണത്തിലെത്താൻ 71 സീറ്റ് കിട്ടേണ്ടയിടത്ത് 35 കിട്ടിയാൽ ഭരിക്കുമെന്ന് പറയുന്നത് എങ്ങനെയാണ്. അവിടെയാണ് കോൺഗ്രസിലുള്ള ബി.ജെ.പിയുടെ വിശ്വാസം. ഒരു ഫിക്‌സഡ് ഡെപ്പോസിറ്റായി കോൺഗ്രസ് ഇവിടെയുണ്ട്. ഈ ഫിക്‌സഡ് ഡെപ്പോസിറ്റുകളെ നിയമസഭയിലേക്ക് അയക്കണോയെന്ന് യു.ഡി.എഫിനെ പിന്തുണക്കുന്നവർ പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

കോൺഗ്രസുകാരായി ജയിച്ചു വന്നവരെല്ലാം ബി.ജെ.പിക്കാരായത് എത്ര സ്ഥലത്ത് കണ്ടു. കോൺഗ്രസിനെ ജയിപ്പിച്ചതുകൊണ്ടു മാത്രം നിലനിൽക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി തന്നെയാണ് പറഞ്ഞത്. വലിയ ഭൂരിപക്ഷം ഉണ്ടായാലേ നിലനിൽക്കൂവെന്നല്ലേ പറഞ്ഞത്. എന്നിട്ടും നയത്തിൽ എന്തങ്കിലും പിഴവ് പറ്റിയോ . ബി.ജെ.പിയാകാൻ മടിയില്ലെന്ന് പരസ്യമായി പറയുന്ന കോൺഗ്രസ് നേതാവ് ഇവിടെയില്ലേ. എന്നിട്ട് പറയുകയാണ്, കോൺഗ്രസ് ജയിച്ചില്ലെങ്കിൽ ബി.ജെ.പി വളരുമെന്ന്. എവിടെയെങ്കിലും നിങ്ങൾക്ക് ബി.ജെ.പിയെ ചെറുത്തു നിൽക്കാനായോ. എല്ലാ രാഷ്ട്രങ്ങളും തള്ളിപ്പറഞ്ഞ ഹിറ്റ്‌ലർ മാതൃക ആർ.എസ്.എസ് മാത്രമാണ് ഉൾക്കൊണ്ടത്. പല വിഷയങ്ങളിലും വർഗീയതയുമായി കോൺഗ്രസ് സമരസപ്പെടുന്നു. നിരവധി വർഷം ഇന്ത്യ ഭരിച്ച പാർട്ടിയുടെ ഇന്നത്തെ സ്ഥിതി എന്താണ്. അനുഭവത്തിൽ നിന്നും പാഠം പഠിക്കാൻ കോൺഗ്രസ് തയ്യാറായോ?- മുഖ്യമന്ത്രി ചോദിച്ചു.