പയ്യന്നൂർ: കൊവിഡ് വാക്സിനേഷൻ ക്യാമ്പുകളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിനും കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ, നഗരസഭ കൊവിഡ് വാക്സിനേഷൻ അവലോകന യോഗം തീരുമാനിച്ചു.
നഗരസഭ കൗൺസിലർമാരുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ തീരുമാനിക്കുന്ന നിശ്ചിത ദിവസങ്ങളിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും അസുഖമുള്ളവർക്കും മുൻകൂട്ടി വിവരം നൽകി വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിക്കും. ഗവ: ബോയ്സ് ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പിൽ ഒരു ദിവസം മൂന്ന് വാർഡുകൾ എന്ന നിലയിൽ ക്രമീകരണം വരുത്തും. വാക്സിൻ ലഭ്യതയിൽ എന്തെങ്കിലും കുറവ് വരികയാണെങ്കിൽ അറിയിപ്പ് നൽകും.
വാക്സിനേഷന് വരുമ്പോൾ ആധാർ കാർഡ്, ഫോട്ടോ പതിച്ച മറ്റൊരു ഐ.ഡി കാർഡ്, ഫോൺ നമ്പർ എന്നിവ കരുതണം. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി.സജിത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: എം. രാജേഷ് , കൊവിഡ് നോഡൽ ഓഫീസർ ഡോ. സുനിത മേനോൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി. മോഹനൻ, പബ്ലിക്ക് ഹെൽത്ത് നഴ്സ് സൂപ്രവൈസർ ഡോ: എം.ഗീത , പി.ആർ. ഒ. ജാക്സൺ ഏഴിമല തുടങ്ങിയവർ പങ്കെടുത്തു.