election

കണ്ണൂർ: ആർ. ശങ്കറിനെ പോലുള്ള മഹാരഥന്മാരെ മുഖ്യമന്ത്രി പദത്തിലെത്തിച്ച കണ്ണൂരിന് നിരവധി പ്രമുഖരെ വാഴ്ത്തിയും വീഴ്ത്തിയുമുള്ള പാരമ്പര്യമുണ്ട്. ചുവപ്പുകോട്ടയെന്ന് കണ്ണൂർ ജില്ലയെ വിശേഷിപ്പിക്കുമ്പോഴും സി. കണ്ണനെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ മാത്രമാണ് കണ്ണൂർ നിയോജകമണ്ഡലം നിയമസഭയിലെത്തിച്ചത്.

ഇടതുമുന്നണി സ്ഥാനാർത്ഥിയായി രണ്ടാം വട്ടവും രാമചന്ദ്രൻ കടന്നപ്പള്ളി ജനവിധി തേടുന്നു. പര്യടന പരിപാടികളും തുടങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ മേൽക്കൈയിലൂടെ കൈവിട്ടു പോയ കണ്ണൂർ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

പള്ളിക്കുന്ന്, പുഴാതി സോണുകൾ ഒഴിച്ചുള്ള കണ്ണൂർ കോർപ്പറേഷൻ, മുണ്ടേരി പഞ്ചായത്ത് എന്നിവ ചേർന്നുള്ളതാണ് നിലവിലെ കണ്ണൂർ നിയമസഭ മണ്ഡലം. മണ്ഡല പുനർനിർണയത്തിന് മുമ്പ് കണ്ണൂർ നഗരസഭ, ചേലോറ, എടക്കാട്, എളയാവൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു മണ്ഡലം. 1,63,205 വോട്ടർമാരാണ് ആകെ.

മണ്ഡല ചരിത്രം

കണ്ണൂർ 1, കണ്ണൂർ 2 എന്നിങ്ങനെയായിരുന്നു 1957ൽ നിയമസഭ മണ്ഡലം. കണ്ണൂർ ഒന്ന് പിന്നീട് എടക്കാട് എന്ന് പേരുമാറ്റി. എടക്കാട് മണ്ഡലത്തിലെ ചില പ്രദേശങ്ങൾ ചേർത്ത് 2011ൽ ധർമടമെന്ന പുതിയ മണ്ഡലം രൂപീകരിക്കപ്പെട്ടു.1957 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് നേതാവ് സി. കണ്ണനായിരുന്നു കണ്ണൂരിൽ ജയിച്ചത്. കോൺഗ്രസിലെ ഒ. ഗോപാലനായിരുന്നു എതിരാളി.

1960ലെ രണ്ടാമത്തെ നിയമസഭ തിരഞ്ഞടുപ്പിൽ കണ്ണൂർ ഒന്നിൽ നിന്നും ജയിച്ച കോൺഗ്രസിലെ ആർ. ശങ്കറായിരുന്നു കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രി. 67ലെ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ ഇ. അഹമ്മദിനെ കണ്ണൂർ നിയമസഭയിലെത്തിച്ചു. 1977മുതൽ 87 വരെയായി നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത പാർട്ടികളുടെ പേരിൽ പി. ഭാസ്‌കരനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
1977ൽ സി.പി.എം നേതൃത്വത്തിലുള്ള മുന്നണിയിൽ ലോക്ദൾ സ്ഥാനാർത്ഥിയായി ആദ്യം ജയിച്ചു. 80ൽ ജനത പാർട്ടി പ്രതിനിധിയായി സി. ഐ .ടി.യു നേതാവായ ഒ. ഭരതനെ പരാജയപ്പെടുത്തി . 82ൽ കോൺഗ്രസ് മുന്നണിയുടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. 87ൽ കോൺഗ്രസ് ടിക്കറ്റിലും നിയമസഭയിലെത്തി.
1991ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ. രാമകൃഷ്ണനായിരുന്നു ഊഴം. പിന്നീട് 1996 മുതൽ മൂന്ന് തിരഞ്ഞെടുപ്പുകളിൽ കെ. സുധാകരനായിരുന്നു ജയിച്ചത്. 2009ൽ ലോകസഭാംഗമായി കെ. സുധാകരൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പൽ സി.പി.എമ്മിലെ എംവി. ജയരാജനെ തോൽപ്പിച്ച് കോൺഗ്രസിലേക്ക് ചേക്കേറിയ എ.പി. അബ്ദുള്ളക്കുട്ടി നിയമസഭയിലെത്തി. 2011ൽ രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ രണ്ടാം ജയം. 2016ൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ 1200 വോട്ടുകൾക്ക് കടന്നപ്പള്ളി പരാജയപ്പെടുത്തി.