കാഞ്ഞങ്ങാട്: വടക്കൻ കേരളത്തോട് കൂടുതൽ താല്പര്യവും ആഭിമുഖ്യവും കാട്ടിയത് പിണറായി സർക്കാരാണെന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി മന്ത്രി ഇ ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകി. ചുരുങ്ങിയ കാലം കൊണ്ട് മണ്ഡലത്തിൽ 3530 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.
കാഞ്ഞങ്ങാട് പണി പൂർത്തിയാക്കിയ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും, വെള്ളരിക്കുണ്ട് റവന്യൂ ടവറും ഉദ്ഘാടനം ചെയ്തതും ഇവയിൽ പ്രധാനപ്പെട്ടവയാണ്. ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലയിലും വലിയ മാറ്റങ്ങൾ മണ്ഡലത്തിൽ ഉണ്ടായി. കരിന്തളം ആർട്‌സ് കോളേജ്, ഏകലവ്യ സ്‌പോർട്‌സ് റസിഡൻഷ്യൽ സ്‌കൂൾ, കാഞ്ഞങ്ങാട് സിവിൽ സർവീസ് അക്കാഡമി, കോടോം ബേളൂർ ഐ.ടി. ഐ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധിച്ചുവെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു. എൽ.ഡി.എഫ് നേതാവ് അഡ്വ. പി. അപ്പുക്കുട്ടനും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
പാർട്ടിയിലെ പ്രശ്നം പറഞ്ഞുതീർക്കും 
തന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സി.പി.ഐയിലുടലെടുത്ത ഭിന്നത മണ്ഡലത്തിലെ വിജയത്തെ ബാധിക്കില്ലെന്ന് ഇ. ചന്ദ്രശേഖരൻ പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കും.ഇടതുമുന്നണിയുടെ പ്രവർത്തനത്തെ ബാധിക്കില്ല.