k-madhavan
ഇടതുപക്ഷ സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരന് കെട്ടിവെക്കാൻ കോടോത്ത് മീനാക്ഷിയമ്മ പണം നൽകുന്നു.

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യത്തിനായുള്ള നിർണായകപോരാട്ടങ്ങളിൽ പങ്കാളിയായ ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് കെ. മാധവൻ ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്​ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി ഇ. ചന്ദ്രശേഖരന് കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ നൽകി അദ്ദേഹത്തിന്റെ സഹധർമ്മിണി മീനാക്ഷിയമ്മ. കഴിഞ്ഞ രണ്ടുനിയമസഭ തിരഞ്ഞെടുപ്പുകളിലും ചന്ദ്രശേഖരന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് മാധവേട്ടനായിരുന്നു.

1957ൽ ഹൊസ്ദുർഗ് (ഇന്നത്തെ കാഞ്ഞങ്ങാട്) നിയോജകമണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു കെ. മാധവൻ. ചിഹ്നം കതിരും അരിവാളും. എതിരാളി പി.എസ്.പിയിലെ കെ. ചന്ദ്രശേഖരനും കോൺഗ്രസിലെ അഡ്വ. കെ.പി കുമാരൻ നായരും. ജന്മിവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മാധവന് അന്ന് പ്രതാപികളായിരുന്ന ബന്ധുക്കളുടെ വോട്ട് ലഭിച്ചില്ല. 1965ൽ ഒരിക്കൽ കൂടി മണ്ഡലത്തിൽ പോരിനിറങ്ങിയെങ്കിലും ജയിച്ചില്ല.

ഇന്നലെ രാവിലെയാണ് അഡ്വ. പി. അപ്പുക്കുട്ടനോടൊപ്പം ഇ. ചന്ദ്രശേഖരൻ നെല്ലിക്കാട്ടെ വസതിയിലെത്തിയത്. കെ. മാധവന്റെ മകൻ അജയകുമാർ കോടോത്തും മകൾ ആശാലതയും വീട്ടിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് തന്റെ പതിനാലാം വയസ്സിൽ ഇറങ്ങിത്തിരിച്ച കെ. മാധവന് തിരഞ്ഞെടുപ്പ് എന്നും ആവേശമായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം അതിരാവിലെ എത്തി വോട്ടു ചെയ്യുന്നത് മാധവേട്ടന്റെ പതിവായിരുന്നു. മാധവേട്ടനെ പോലുള്ള കമ്മ്യൂണിസ്റ്റുകൾ കാണിച്ചുകൊടുത്ത വഴിയിലൂടെ വിദ്യാർത്ഥിയായിരിക്കെ തന്നെ പൊതുപ്രവർത്തനത്തിലെത്തിയ ഇ. ചന്ദ്രശേഖരൻ ഇത്തവണയും വൻ ഭൂരിപക്ഷം നേടുമെന്നായിരുന്നു മീനാക്ഷിയമ്മയുടെ ആശിർവാദം.