
കല്ല്യാശ്ശേരി:മണ്ഡലത്തിന് വലിയ പ്രായമൊന്നുമില്ല. കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ആദ്യതിരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. ഇക്കുറി മൂന്നാം അങ്കമെത്തുമ്പോൾ എല്ലാം സുരക്ഷിതം എന്ന ഉറപ്പിലാണ് ഇടതുമുന്നണി.
എസ്. എഫ്. ഐ മുൻ സംസ്ഥാന സെക്രട്ടറി എം. വിജിനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി. ഇടതുസ്ഥാനാർത്ഥി ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കിക്കൊണ്ടിരിക്കെ യു.ഡി. എഫ്-ബി.ജെ..പി സ്ഥാനാർത്ഥികളെ കുറിച്ച് അറിയാനിരിക്കുന്നതേയുള്ളു.
കെ.പി.ആർ. ഗോപാലൻ, സഹോദരൻ കെ.പി.ആർ. രയരപ്പൻ, ഇ.കെ. നായനാർ എന്നിവരുടെ ജന്മം കൊണ്ട് ചുവന്നതാണ് കല്യാശേരി. കണ്ണൂർ ജില്ലയിലെ ഏറ്റവും പഴയ മണ്ഡലങ്ങളിലൊന്നായ മാടായിയുടെ ഭാഗമായിരുന്നു 2008വരെ. 1957 മാടായി മണ്ഡലത്തിൽ നിന്ന് ഒന്നാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കെ.പി.ആർ. ഗോപാലനായിരുന്നു. രണ്ടു തവണ മാടായിയെ പ്രതിനിധീകരിച്ച വിപ്ലവാചാര്യൻ കെ.പി.ആറിന് കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി ചരിത്രമെഴുതിയ മണ്ഡലം കൂടിയാണ് മാടായി. 1967ൽ സപ്തകക്ഷി മുന്നണിയിൽ കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ മത്തായി മാഞ്ഞൂരാൻ മത്സരിച്ച് ജയിച്ച് മന്ത്രിയായതും മാടായിയിൽ നിന്നാണ് .
പഴയ മാടായി നിയോജക മണ്ഡലത്തിൽ നിന്ന് പാപ്പിനിശ്ശേരി മാത്രമാണ് കല്യാശ്ശേരി മണ്ഡലത്തിൽ നിന്ന് പുറത്തായത്. പകരം പട്ടുവവും ചെറുതാഴവും കൂട്ടിചേർത്തു.മാട്ടൂൽ, മാടായി പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് മേൽക്കൈ. 2011ലെ കന്നിയങ്കത്തിൽടി.വി. രാജേഷ് മത്സരിച്ചപ്പോൾ 29946 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2016ൽ കോൺഗ്രസിലെ മുൻ മന്ത്രി എൻ. രാമകൃഷണെൻറ മകൾ അമൃത രാമകൃഷ്ണനെ 42891 വോട്ടിന് രാജേഷ് പരാജയപ്പെടുത്തി. എന്നാൽ 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താനേക്കാൾ കെ.പി. സതീഷ് ചന്ദ്രന് 13694 വോട്ടിന്റെ ലീഡ് മാത്രമെ കല്യാശ്ശേരി നൽകിയുള്ളു.
ഗ്രാമപഞ്ചായത്തുകൾ
ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി -പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം,പട്ടുവം (എൽ.ഡി.എഫ്) മാടായി, മാട്ടൂൽ(യു.ഡി.എഫ്)