കാഞ്ഞങ്ങാട്: നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നഗരത്തെ മൊത്തമായി ബാധിക്കുന്നു. ഇവിടെ സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കുന്നില്ല. ഹോം ഗാർഡും പൊലീസും ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പലപ്പോഴും ഇവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
വൈകുന്നേരമാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ നീണ്ടനിര കടന്നുപോകാൻ ഏറെസമയം വേണ്ടിവരുന്നു. ഭാരമേറിയ വാഹനങ്ങൾ കെ.എസ്.ടി.പി റോഡിലൂടെ കൂടുതലായി വരുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കൊവിഡ് കാലത്ത് നഗരത്തിലേക്ക് സ്വന്തം വാഹനങ്ങളിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നു.
കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ലക്ഷങ്ങൾ ചെലവഴിച്ച് സിഗ്നൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ ആദ്യനാളുകളിൽ പ്രവർത്തിപ്പിച്ചെങ്കിലും പിന്നീട് ഓഫ് ചെയ്തു. സിഗ്നൽ സംവിധാനം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളിൽ പോലും സിഗ്നൽ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ കാഞ്ഞങ്ങാട് മാത്രം എന്താണിങ്ങനെ എന്നത് യാത്രക്കാർക്കിതുവരെ മനസിലാകാത്ത കാര്യമാണ്.
വലിയ വാഹനങ്ങൾ
കൂട്ടത്തോടെ
കെ.എസ്.ടി.പി റോഡ് നവീകരണം കഴിഞ്ഞതോടെ ഭാരമേറിയ വാഹനങ്ങൾ കൂടുതലായി ഇതുവഴി കടന്നുവരാൻ തുടങ്ങി. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. മുൻപ് പകൽ നേരങ്ങളിൽ നഗരത്തിലൂടെ ചരക്കു വാഹനങ്ങളെ കടത്തിവിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ നിയന്ത്രണം ഇല്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാണ്.
അലക്ഷ്യമായി വാഹന പാർക്കിംഗ്
കാഞ്ഞങ്ങാട് നഗരത്തിലെ സർവീസ് റോഡിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ല. പേ പാർക്കിംഗ് സംവിധാനം കൊണ്ടുവരുമെന്ന് നഗരസഭ അവകാശപ്പെട്ടെങ്കിലും നടപ്പായില്ല. വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് വ്യാപാരികളെയും ബാധിക്കുന്നു. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നഗരസഭയുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.