പയ്യന്നൂർ: സംസ്ഥാനത്ത് കോൺഗ്രസിനെ പരാജയപ്പെടുത്താൻ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് ശക്തമായിരിക്കുകയാണെന്ന്
രാജ് മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും മുഖ്യശത്രു കോൺഗ്രസാണ്. അതുകൊണ്ടാണ് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും ചില സമവാക്യങ്ങൾ സംസ്ഥാനത്ത് ഉണ്ടാക്കിയെടുത്തത്. എന്നിട്ട് ജനങ്ങളെ വിഡ്ഢികളാക്കാൻ ഇവർ പരസ്പരം ചെളി വാരി എറിയുകയാണ്. അധികാരം നിലനിർത്താൻ ഏത് അവിശുദ്ധ കൂട്ടുകെട്ടിനും തയ്യാറായ സി.പി.എം തകർച്ചയുടെ വക്കിലാണ്. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഹായിച്ചാൽ പോലും സി.പി.എമ്മിന് ഭരണത്തിൽ തുടരാനാകില്ല. പിണറായി വിജയന്റെ ഏകാധിപത്യ ഭരണത്തിനെതിരെ പാർട്ടിയിൽ തന്നെ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിൽ സി.പി.എം അണികൾ പോലും ഈ തിരഞ്ഞെടുപ്പിൽ മാറ്റി ചിന്തിക്കുമെന്ന് ഉണ്ണിത്താൻ പറഞ്ഞു.
ഉമ്മർ പെരിങ്ങോം അധ്യക്ഷത വഹിച്ചു. എം. നാരായണൻകുട്ടി, കെ.പി.കുഞ്ഞിക്കണ്ണൻ, കെ.ടി. സഹദുള്ള, ജോസഫ് മുള്ളൻമട, എം.കെ. രാജൻ, അർജുൻ ഗോവിന്ദ്, വി.പി.സുഭാഷ്, എ.പി. നാരായണൻ, റഷീദ് കവ്വായി, ഡി.കെ. ഗോപിനാഥ്, കെ. ബ്രിജേഷ് കുമാർ, പി. ലളിത, ടി.വി. കുഞ്ഞമ്പു നായർ, സാജിദ് മൗവ്വൽ, വി.കെ.പി. ഇസ്മായിൽ, കെ.കെ. അഷ്റഫ്, ഇബ്രാഹിം പൂമംഗലം പ്രസംഗിച്ചു.
എസ്.എ.ഷുക്കൂർ ഹാജി സ്വാഗതം പറഞ്ഞു. 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.