
കാസർകോട് : കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കത്തിൽ കാസർകോട് ജില്ലയിൽ കോൺഗ്രസ് നേതാക്കൾ രണ്ടു തട്ടിലായി.നേതാക്കൾ തമ്മിൽ തുറന്ന പോരിലാണ്. ഹൈക്കമാൻഡിനെ അനുകൂലിച്ചും എതിർത്തും പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്. ജില്ലയിൽ ആലോചനയില്ലാതെ തൃക്കരിപ്പൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് നൽകിയതാണ് അതൃപ്തിക്ക് പ്രധാന കാരണം.
സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ജില്ലയിലെ തർക്കം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. വിവരങ്ങൾ മുതിർന്ന നേതാവ് എ.കെ. ആന്റണി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് അറിയുന്നത്. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, കെ.പി.സി.സി. നിർവാഹകസമിതി അംഗം അഡ്വ. എ. ഗോവിന്ദൻ നായർ, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി ഭാരവാഹികളായ എം. കുഞ്ഞമ്പു നമ്പ്യാർ, ധന്യാ സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, അർജുനൻ തായലങ്ങാടി, അൻവർ മാങ്ങാട് തുടങ്ങിയ നേതാക്കൾ രാജിഭീഷണി മുഴക്കിയതും കാസർകോട് ജില്ലയിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ ഗുരുതരമാക്കുന്നുണ്ട്.
അതിനിടെ പ്രശ്‌നത്തിന്റെ ഗൗരവം മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ കെ.പി. കുഞ്ഞിക്കണ്ണനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉദുമ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവും കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതും ജില്ലയിലെ പാർട്ടിയോട് ആലോചിക്കാതെയാണെന്ന് നേതാക്കൾ ആരോപിച്ചു. ഉദുമയിൽ പെരിയ ബാലകൃഷ്ണനെ അവസാന സാദ്ധ്യതാ ലിസ്റ്റിൽപെടുത്തിയത് മുതിർന്ന നേതാക്കളോടും ഡി.സി.സിയോടും ആലോചിക്കാതെയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. പ്രശ്‌നത്തിന്റെ ഗൗരവം പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയ സാഹചര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് നേതാക്കൾ.
ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ഉണ്ണിത്താൻ
കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർകോട്ടേ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാനാണോയെന്ന് സേവ് കോൺഗ്രസിന്റെ പേരിൽ രാജ് മോഹൻ ഉണ്ണിത്താന്റെ വീടിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതും ഭിന്നത തുറന്നുകാട്ടുന്നതായി. എം.പിയുടെ ഓഫീസിന്റെയും വീടിന്റെയും മുന്നിലാണ് കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഇരുട്ടിന്റെ സന്തതികളാണ് ഇത് ചെയ്തതെന്നായിരുന്നു ഇതുസംബന്ധിച്ച് ഉണ്ണിത്താന്റെ പ്രതികരണം. എൽ ഡി എഫ് തുടർ ഭരണം തടയാൻ ബാദ്ധ്യതപ്പെട്ടവർ പ്രതിഷേധവുമായി നടക്കുകയല്ല ,ഒരുമിച്ചു നിൽക്കുകയാണ് വേണ്ടത്. സ്ഥാനാർത്ഥികൾ ആരായാലും ജയിക്കേണ്ടത് യു ഡി എഫ് ആണെന്ന് ഓർക്കണം. താൻ ലോകസഭയിലേക്ക് മത്സരിക്കാൻ എത്തുമ്പോൾ ബഹളം വച്ച അതേ ശക്തികൾ തന്നെയാണ് ഇപ്പോഴും തനിക്കെതിരെ രംഗത്തുവരുന്നതെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.
കേരള കോൺഗ്രസിന് പിന്തുണച്ചും
തൃക്കരിപ്പൂർ സീറ്റ് കേരള കോൺഗ്രസിന് നൽകിയ ഹൈക്കമാൻഡ് തീരുമാനത്തെ പിന്തുണച്ചും ഒരു വിഭാഗം ഡി സി സി നേതാക്കൾ രംഗത്തിറങ്ങി. കെ പി സി സി ഭാരവാഹികളായ കെ. വി. ഗംഗാധരൻ, കരിമ്പിൽ കൃഷ്ണൻ, പി ..ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ യോഗം ചേർന്നാണ് പിന്തുണ അറിയിച്ചത്. മുന്നണി സംവിധാനം ആകുമ്പോൾ ഘടക കക്ഷികളെ പരിഗണിക്കേണ്ടി വരുമെന്നും തിരഞ്ഞെടുപ്പ് വിജയത്തിനായി രംഗത്തിറങ്ങുമെന്നുമാണ് ഈ നേതാക്കളുടെ വാദം.