
കടന്നപ്പള്ളിയും നാളെ പത്രിക നൽകും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും നാളെ പത്രിക നൽകും.കണ്ണൂർ ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ 15,16,17 തീയതികളിലായി പത്രിക സമർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നാളെ രാവിലെ 11നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വരണാധികാരിയായ എ.ഡി.സി(ജനറൽ) മുമ്പാകെ പത്രിക നൽകുന്നത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽനിന്ന് എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം അദ്ദേഹം കളക്ടറേറ്റിലെത്തും. പ്രകടനവും ആൾക്കൂട്ടവുമുണ്ടാകില്ല. പതിനൊന്നരയോടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ(ആർ.ആർ) മുമ്പാകെ പത്രിക നൽകും.
എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ മന്ത്രി കെ കെ ശൈലജ (മട്ടന്നൂർ), എം.വി ഗോവിന്ദൻ (തളിപ്പറമ്പ്), കെ.വി സുമേഷ് (അഴീക്കോട്), എം. വിജിൻ (കല്യാശേരി), കെ.വി സക്കീർ ഹുസൈൻ (പേരാവൂർ) എന്നിവർ 16ന് രാവിലെ 11ന് കണ്ണൂരിൽ ബന്ധപ്പെട്ട വരണാധികാരികൾ മുമ്പാകെ പത്രിക നൽകും. അന്നു തന്നെ തലശേരി സ്ഥാനാർത്ഥി എ.എൻ ഷംസീർ തലശേരിയിൽ വരണാധികാരിയായ സബ്കളക്ടർക്കും പയ്യന്നൂർ സ്ഥാനാർത്ഥി ടി .ഐ. മധുസൂദനൻ ഉപവരണാധികാരിയായ പയ്യന്നൂർ ബി.ഡി.ഒയ്ക്കും ഇരിക്കൂർ സ്ഥാനാർത്ഥി സജി കുറ്റിയാനിമറ്റം ഉപവരണാധികാരിയായ ശ്രീകണ്ഠപുരം ബി.ഡി.ഒക്കും മുന്നിൽ പത്രിക നൽകും.
കൂത്തുപറമ്പ് സ്ഥാനാർത്ഥി കെ. പി. മോഹനൻ 17ന് രാവിലെ 11നാണ് പത്രിക സമർപ്പിക്കുന്നത്. മാഹിയിൽ എൽ.ഡി.എഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി എൻ. ഹരിദാസും 17നാണ് പത്രിക നൽകുന്നത്.