ഇരിട്ടി: തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ ഇരിട്ടിയിൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗത്തിൽ എല്ലാ സഹകരണവും നൽകുമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉറപ്പ് നൽകി. പ്രചരണത്തിനിടയിൽ ഉണ്ടാകാറുള്ള തർക്കങ്ങളും സംഘർഷവും പരിഹരിക്കുന്നതിനും തിരഞ്ഞെടുപ്പു കമ്മിഷന്റെ നർദ്ദേശങ്ങൾ പാലിക്കുന്നതിനും രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സഹായം തേടിയാണ് സർവ്വകക്ഷിയോഗം ചേർന്നത്.

ഇരിട്ടി സി.ഐ എം.പി. രാജേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പൊതുസ്ഥലത്തെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്യാനും നിശ്ചയിച്ച സ്ഥലത്ത് മാത്രം പൊതുയോഗങ്ങൾ ചേരാനും തീരുമാനിച്ചു. അനുമതി വാങ്ങാതെ വാഹനത്തിൽ പ്രചരണം പാടില്ലെന്നും മൈക്ക് ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങാനും വില്ലേജ് അടിസ്ഥാനത്തിൽ സർവ്വകക്ഷി യോഗങ്ങൾ വിളിച്ചു ചേർക്കുവാനും തീരുമാനിച്ചു.
സി.ഐക്ക് പുറമേ എസ്.ഐ കെ.കെ. രാജേഷ് കുമാർ, നഗര സഭാ ചെയർപേഴ്സൺ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സിവിൽ പൊലീസ് ഓഫീസർ പി.എസ്. രാമേശൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.പി. അശോകൻ, പി.കെ. ജനാർദ്ദനൻ, ഇബ്രാഹിം മുണ്ടേരി, റയീസ് കണിയാറയ്ക്കൽ, പ്രിജേഷ് അളോറ, അജയൻ പായം, വിപിൻ തോമസ്, സി.എം. നസീർ തുടങ്ങിയവർ സംബന്ധിച്ചു.

പത്തു കുപ്പി മദ്യവുമായി പിടിയിൽ
ഇരിട്ടി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്‌സൈസ് നടത്തിയ റെയ്ഡിൽ പത്തു കുപ്പി (5 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പായം സ്വദേശിയെ പിടികൂടി.

പായം സ്വദേശി ജിഷ നിവാസിൽ സജിത്ത് കൊഴുക്കുന്നോനെ (41) മഞ്ഞളാംപുറം ഭാഗത്ത് വച്ചാണ് പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർ എം.പി. സജീവന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.