ശ്രീകണ്ഠപുരം: ഇരിക്കൂറിൽ സജീവ് ജോസഫിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പിന്റെ പ്രതിഷേധം ശക്തം. പ്രവർത്തകർ ശ്രീകണ്ഠാപുരത്ത് കോൺഗ്രസ് ഓഫീസ് ഉപരോധിച്ച് രാപ്പകൽ സമരം തുടങ്ങി. സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനവും നടത്തി.എ ഗ്രൂപ്പ് നേതാക്കൾ ശ്രീകണ്ഠാപുരത്ത് രഹസ്യ യോഗം ചേർന്നു.
സജീവ് ജോസഫിനെ കെട്ടിയിറക്കുന്നു എന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആക്ഷേപം. കെ സി വേണുഗോപാലാണ് നീക്കത്തിന് പിന്നിലെന്നും എ ഗ്രൂപ്പ് ആരോപിച്ചു. സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി പ്രതിഷേധക്കാർ സോണിയാ ഗാന്ധിക്ക് ഇ മെയിൽ അയച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയ ആളാണ് സജീവ് എന്ന് പ്രമേയത്തിൽ പറയുന്നു. രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും 12 ഓളം മണ്ഡലം പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു.
ഇന്നലെ രാവിലെ 11 ബ്ലോക്ക് പ്രസിഡന്റ് എം.ഒ. മാധവന്റെ വീട്ടിൽ എ ഗ്രൂപ്പ് യോഗം ചേർന്നാണ് പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചത്.തുടർന്ന് പ്രകടനമായെത്തി ഉച്ചയോടെ ശ്രീകണ്ഠപുരം കോൺഗ്രസ് ബ്ളോക്ക്
ഓഫീസായ ഇന്ദിരാഭവനിൽ രാപകൽ സമരം തുടങ്ങി .ഇന്ന് രാവിലെ 10ന് സമരം അവസാനിപ്പിക്കുമെങ്കിലും തീരുമാനം മാറ്റിയില്ലെങ്കിൽ വ്യത്യസ്തസമരം തുടർന്നും ഉണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരായ ദേവസ്യ പാലപ്പുറം, (ആലക്കോട്) എം. ഒ. മാധവൻ (ശ്രീകണ്ഠപുരം) യു .ഡി .എഫ് ഇരിക്കൂർ മണ്ഡലം കൺവീനർ തോമസ് വക്കത്താനം നഗരസഭ ചെയർപേഴ്‌സൺ കെ.വി. ഫിലോമിന, കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ബിജു പുളിയം തൊട്ടി, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ,മാധവൻ , രഘുനാഥ് ,കെ. പി.സി.സി നിർവാഹക സമിതിയംഗം ചാക്കോ പാലക്കലോടി, ചന്ദ്രൻ തില്ലങ്കേരി, എം .പി. മുരളി, ബ്ലോക്ക് ,മണ്ഡലം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
ശ്രീകണ്ഠാപുരത്ത് എ.ഗ്രൂപ്പ് രഹസ്യയോഗം ചേർന്നു
കെ.സി.വേണുഗോപാലിനെതിരെയും പ്രതിഷേധം
സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിന് ഇ.മെയിൽ
പരിഹാരമായില്ലെങ്കിൽ വ്യത്യസ്തമായ സമരം