
കണ്ണൂർ: കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ മലബാറിലും മെമു എത്തി. നാളെ മുതൽ കണ്ണൂർ- ഷൊർണ്ണൂർ, ഷൊർണ്ണൂർ- കണ്ണൂർ മെമു ട്രെയിൻ ഓടിത്തുടങ്ങും. മെമു സർവ്വീസ് കാസർകോട്ടേക്ക് നീട്ടുന്ന കാര്യവും പരിഗണനയിലാണ്. ഇതോടെ ഹ്രസ്വദൂര യാത്രക്കാരുടെയും സീസൺ ടിക്കറ്റുകാരുടെയും യാത്രാദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകും. മെമു സർവ്വീസിന് സ്വീകരണം നൽകാനുള്ള ഒരുക്കങ്ങളും നടന്നുവരികയാണ്.
രണ്ട് സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാനെടുക്കുന്ന സമയം, പ്ളാറ്റ് ഫോമും മെമു ബോഡിയും തമ്മിലുള്ള അകലം എന്നിവ അധികൃതർ നേരത്തെ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു.
ഇപ്പോൾ പാലക്കാട് ഡിവിഷനു കീഴിൽ ഷൊർണൂർ - കോയമ്പത്തൂർ, ഈറോഡ് - പാലക്കാട് ടൗൺ, പാലക്കാട് ടൗൺ - സേലം, പാലക്കാട് ടൗൺ - എറണാകുളം എന്നീ മെമു സർവ്വീസുകളാണുള്ളത്. പാലക്കാട് നിന്നു വടക്കോട്ടേക്ക് മെമു സർവ്വീസ് തുടങ്ങുന്നതിന് ആദ്യഘട്ടത്തിൽ 14 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.
മറ്റു ട്രെയിനുകളെ അപേക്ഷിച്ച് മെമുവിന്റെ അറ്റകുറ്റപ്പണികൾക്ക് ചെലവ് കുറയുമെന്നതാണ് റെയിൽവേയെ കൂടുതൽ സർവ്വീസിന് പ്രേരിപ്പിക്കുന്നത്. ചെറിയ സ്റ്റേഷനുകളിൽ പോലും മെമു ട്രെയിനുകൾക്ക് നിറുത്താനും കഴിയും. സീസൺ ടിക്കറ്റ് യാത്രക്കാർക്ക് മുൻഗണന നൽകുന്ന ട്രെയിൻ ഞായറാഴ്ച സർവ്വീസ് നടത്തില്ല.
സർവീസ് ഇങ്ങനെ
06023 നമ്പർ ഷൊർണ്ണൂർ- കണ്ണൂർ: രാവിലെ 4.30ന് ഷൊർണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തും.
06024 നമ്പർ കണ്ണൂർ - ഷൊർണ്ണൂർ: വൈകിട്ട് 5.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55 ന് ഷൊർണ്ണൂരിലെത്തും.