congress

കാസർകോട്: തൃക്കരിപ്പൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയതിനും മറ്റ് മണ്ഡലങ്ങളിൽ ആലോചനയില്ലാതെ സ്ഥാനാർത്ഥി ലിസ്റ്റ് തയ്യാറാക്കിയതിലും പ്രതിഷേധിച്ച് കാസർകോട് ഡി.സി.സി ഭാരവാഹികളിൽ ചിലർ രാജിഭീഷണി മുഴക്കിയിട്ടും ഹൈക്കമാൻഡ് വഴങ്ങിയില്ല. മുൻനിശ്ചയപ്രകാരം മുന്നോട്ടുപോകാൻ തീരുമാനിച്ചതോടെ രാജിഭീഷണി മുഴക്കിയ ഡി.സി.സി നേതാക്കൾ വെട്ടിലായി.

ഇവർക്കെതിരെയുള്ള നടപടി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വീട്ടിൽ എത്തുമെന്നാണ് നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതിഷേധിച്ചവരുടെ കൂട്ടത്തിൽ ഐശ്വര്യകേരളയാത്രയുടെ ഉദ്ഘാടനദിനത്തിൽ രാജ് മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്തതിന് കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയ നേതാവടക്കം ഉണ്ടെന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഉദുമ സീറ്റ് കിട്ടാത്തതിന്റെ പേരിലും തൃക്കരിപ്പൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുനൽകിയതിലും പ്രതിഷേധിച്ചാണ് ഒരു വിഭാഗം കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കാസർകോട് പ്രത്യേകം യോഗം ചേർന്നത്. പിന്നാലെ 10 ഡി.സി.സി ഭാരവാഹികൾ രാജിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ ഉൾപ്പെടെ രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിന് അയച്ചുകൊടുത്തെന്ന് നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

യോഗത്തിനു ശേഷം മാദ്ധ്യമങ്ങളുടെ മുമ്പിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ച കെ.പി. കുഞ്ഞിക്കണ്ണൻ ശനിയാഴ്ച ചെറുവത്തൂരിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി എം.പി. ജോസഫിനെ വിജയിപ്പിക്കാൻ ചേർന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെ കാസർകോട് ജില്ലയിൽ നിന്ന് ഒരാളുടെ രാജിക്കത്തും കിട്ടിയില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിക്കുകയും ചെയ്തു. ഘടകകക്ഷി എന്ന നിലയിൽ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ടത് കോൺഗ്രസ് പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.പി. കുഞ്ഞിക്കണ്ണൻ പ്രഖ്യാപിക്കുകയും ചെയ്തതോടെ എതിർപ്പുമായി രംഗത്തുവന്നവരിൽ തന്നെ ഭിന്നത ഉടലെടുക്കുകയായിരുന്നു.

കൂടെ നിർത്താൻ ആളില്ലാത്തവരാണ് ഭീഷണി മുഴക്കിയതെന്നും പ്രതിഷേധവുമായി ഒരു പ്രകടനം പോലും നടന്നില്ലെന്നുമാണ് ഇതുസംബന്ധിച്ച് ഒരു യുവനേതാവ് പ്രതികരിച്ചത്.