മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 85 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കുടുംബത്തോടൊപ്പം എത്തിയ കാസർകോട് തളങ്കര സ്വദേശി മുഹമ്മദ് കുഞ്ഞി ഹസൈനാറിൽ നിന്നാണ് 1841 ഗ്രാം സ്വർണം പിടിച്ചത്. സ്വന്തം ശരീരത്തിനുള്ളിലും രണ്ടു വയസുള്ള ഇദ്ദേഹത്തിന്റെ കുട്ടി ധരിച്ച ഡയപ്പറിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കുട്ടിയുടെ ദേഹത്തു നിന്നും 1700 ഗ്രാം സ്വർണവും ഹസൈനാറിൽ നിന്നും 450 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം സൈക്കിളിനുള്ളിൽ ഒളിപ്പിച്ചിരുന്ന 16 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, നന്ദകുമാർ, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ കെ. ഹബീബ്, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, മല്ലിക കൗശിത്ത്, ഹവിൽദാർ കെ.ടി.എം.രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.