
ആലക്കോട്: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന അഡ്വ. സോണി സെബാസ്റ്റ്യന് സീറ്റ് നിഷേധിച്ച കോൺഗ്രസ് ഹൈക്കമാന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇരിക്കൂർ മണ്ഡലത്തിലെ കോൺഗ്രസ് എ വിഭാഗം നേതാക്കൾ കൂട്ടത്തോടെ പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, ആലക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദേവസ്യ പാലപ്പുറം, മണ്ഡലം പ്രസിഡന്റ് ബാബു പള്ളിപ്പുറം, കരുവൻചാൽ മണ്ഡലം പ്രസിഡന്റ് ടോമി, യു.ഡി.എഫ് നേതാക്കളായ ബിജു ഓരത്തേൽ, ബിജു പുളിയംതൊട്ടി തുടങ്ങി മുപ്പതോളം നേതാക്കളാണ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്.
ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടിൽ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പിന് ഭൂരിപക്ഷമുള്ള മലയോരമേഖലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നേതൃത്വവുമായി ഇടഞ്ഞതോടെ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി വരുന്ന അഡ്വ. സജീവ് ജോസഫിന്റെ മണ്ഡലം പര്യടനം പോലും അനിശ്ചിതത്വത്തിലാകുമെന്നുറപ്പായിരിക്കുകയാണ്. ഇരിക്കൂറിനു പുറമെ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലും എ വിഭാഗം നേതാക്കളും പ്രവർത്തകരും വിട്ടു നിൽക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നാലു പതിറ്റാണ്ടായി എ വിഭാഗത്തിന്റെ കൈവശമുള്ള സിറ്റിംഗ് സീറ്റാണ് ഇരിക്കൂർ. മുമ്പ് പേരാവൂരും എ ഗ്രൂപ്പിന്റെ സീറ്റായിരുന്നെങ്കിലും പിന്നീടത് ഐ ഗ്രൂപ്പ് കൈവശപ്പെടുത്തുകയായിരുന്നു. ഇരിക്കൂർ കൈവിട്ടു പോകുന്നത് എ വിഭാഗത്തിന്റെ നിയന്ത്രണം ജില്ലയിൽ ഇല്ലാതാകുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.