
കണ്ണൂർ: കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെയും സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയതോടെ ഇനി യുദ്ധം നേർക്കുനേർ. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യു.ഡി.എഫിൽ തർക്കങ്ങളും അസ്വാരസ്യങ്ങളും പുകയുന്നുണ്ടെങ്കിലും അതൊക്കെ രണ്ടു ദിവസത്തിനകം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. എന്നാൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാജിവച്ചത് നേതൃത്വത്തിന് കടുത്ത തലവേദനയായിട്ടുണ്ട്.
അതിനിടെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.. സുധാകരനും നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തുവന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും പ്രതിസന്ധികളിൽ സന്ദർഭോചിത നിലപാടെടുക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ കാര്യം പോലും തന്നെ അറിയിച്ചിട്ടില്ല. ജയസാധ്യതയ്ക്ക് പകരം സംസ്ഥാന നേതൃത്വം ഗ്രൂപ്പ് താൽപ്പര്യം കാണിച്ചു. പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണ്. നേതാക്കന്മാർക്ക് തുടർച്ചയായി തെറ്റുപറ്റുകയാണ്. ഗ്രൂപ്പ് നേതാക്കൾ പാർട്ടി സ്പിരിറ്റിലേക്ക് മടങ്ങിവരണം. സ്ഥാനാർത്ഥി നിർണ്ണയം വൈകിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണ്. എൽ.ഡി. എഫ് നേരത്തെ തന്നെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി മണ്ഡലം കൺവെൻഷനുകളിലേക്കും പ്രചരണ പരിപാടികളിലേക്കും നീങ്ങിയിരിക്കുന്നു. മുഖ്യമന്ത്രിയും ധർമ്മടം മണ്ഡലം സ്ഥാനാർത്ഥിയുമായ പിണറായി വിജയനാണ് എൽ.ഡി.എഫ് നായകൻ. ഇതിനകം ഇരുപതോളം ബഹുജന കൂട്ടായ്മകളിൽ അദ്ദേഹം പങ്കെടുത്തു.
എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി, മട്ടന്നൂർ മണ്ഡലം സ്ഥാനാർത്ഥി കെ.കെ. ശൈലജ എന്നിവരും മണ്ഡലത്തിൽ സജീവമായി. കുടുംബയോഗങ്ങളിലും ബഹുജന കൂട്ടായ്മകളിലുമാണ് എൽ.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഇന്ന് നാമനിദേശപത്രിക നൽകും. മറ്റുള്ള ഇടതുമുന്നണി സ്ഥാനാർത്ഥികൾ രണ്ടുദിവസത്തിനകം പത്രിക നൽകും.
യു.ഡി.എഫ് കണ്ണൂർ മണ്ഡലം കൺവെൻഷൻ ഇന്ന് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയും അപസ്വരങ്ങളും ജയസാദ്ധ്യതയെ ബാധിക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ഇരിക്കൂർ, അഴീക്കോട്, പേരാവൂർ നിലനിർത്തുന്നതോടൊപ്പം കണ്ണൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. എന്നാൽ 11 സീറ്റും ഇത്തവണ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പേരാവൂർ, ഇരിക്കൂർ, അഴീക്കോട് മണ്ഡലത്തിൽ അട്ടിമറിയുണ്ടാകുമെന്നും എൽ.ഡി.എഫ് തിരിച്ചടിക്കുന്നു.