പയ്യന്നൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം. പ്രദീപ് കുമാർ പര്യടനം ആരംഭിച്ചു. സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ, സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. കണ്ണോത്ത്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എം.നാരായണൻകുട്ടി എന്നിവരെ സന്ദർശിച്ച് ആശിർവാദം ഏറ്റുവാങ്ങിയാണ് പ്രദീപ് കുമാർ പര്യടനത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് പുഞ്ചക്കാട് സെന്റ് ജോസഫ് ചർച്ച് സന്ദർശിച്ച് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ അനുഗ്രഹം ഏറ്റുവാങ്ങി. മറ്റ് പ്രമുഖ വ്യക്തികളെയും സന്ദർശിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം പയ്യന്നൂർ കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരത്തിൽ എത്തിയ സ്ഥാനാർത്ഥിയെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി.നാരായണന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.രാജൻ, പി. ലളിത ടീച്ചർ, കെ.പി. മോഹനൻ, കെ.എം. വിജയൻ, കെ.കെ. ഫൽഗുനൻ, കാരയിൽ സുകുമാരൻ, കെ.വി. ഭാസ്കരൻ, ഇ.പി. ശ്യാമള, സി.കെ. ദിനേശൻ, കെ.ടി. ഹരീഷ്, സി.എച്ച്. യാസിൻ, വി.എം. പീതാംബരൻ, പി. രമേശൻ എന്നിവർ സംബന്ധിച്ചു.