
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് യു. ഡി. എഫ് സ്ഥാനാർത്ഥി ആരെന്ന സസ്പെൻസ് തുടരുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സീറ്റുകളിൽ ധർമ്മടം ഇല്ല.
പിണറായി വിജയനെതിരെ ധർമ്മടത്ത് കരുത്തൻ വരുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥ് എന്നിവരെ പരിഗണിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ മത്സരിച്ച കെ. പി. സി. സി സെക്രട്ടറി മമ്പറം ദിവാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ധർമ്മടത്ത് മത്സരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഫോർവേഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജനെ മത്സരിപ്പിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ പിണറായിക്കെതിരെ മത്സരിക്കാൻ താനില്ലെന്ന് അദ്ദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ദേവരാജന് മത്സരിക്കാനാണ് ധർമ്മടം ഒഴിച്ചിട്ടതെന്ന് കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെയും വ്യക്തമാക്കി.
സി. പി. എം പി.ബി അംഗത്തിനെതിരെ ദേശീയ സെക്രട്ടറി മത്സരിക്കേണ്ടെന്ന നിലപാട് ഇന്നലെ ചേർന്ന ഫോർവേർഡ് ബ്ളോക്ക് കേന്ദ്ര കമ്മിറ്റി ആവർത്തിക്കുകയും ചെയ്തു. താൻ അല്ലാതെ പാർട്ടിയുടെ മറ്റാരെങ്കിലും മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നും ദേവരാജൻ പറഞ്ഞു.
ബി. ജെ. പി ദേശീയ സമിതി അംഗം സി. കെ.പത്മനാഭനാണ് ധർമ്മടത്ത് എൻ. ഡി. എ സ്ഥാനാർത്ഥി.