
മഞ്ചേശ്വരം
യു.ഡി.എഫ് -എ.കെ.എം അഷ്‌റഫ്
എൽ.ഡി.എഫ്-വി. വി രമേശൻ
എൻ.ഡി.എ - കെ. സുരേന്ദ്രൻ
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിന് പരാജയപ്പെട്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീണ്ടും മത്സരിക്കാനെത്തിയതോടെ മഞ്ചേശ്വരത്ത് ഇത്തവണ തീപാറുന്ന പോരാട്ടമാകുമെന്ന് ഉറപ്പ്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്‌റഫിനെയാണ് ഇത്തവണ യു.ഡി.എഫ് മഞ്ചേശ്വരത്ത് ഇറക്കിയതെങ്കിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനുമായ വി.വി. രമേശനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മുസ്ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖാണ് 2016 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തായിരുന്നു.
ചരിത്രം
മുസ്ലിംലീഗിലെ പി.ബി. അബ്ദുറസാഖിന്റെ നിര്യാണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി.കമറുദ്ദീന് 7923 വോട്ടിനാണ് വിജയിച്ചത്. എൻ.ഡി.എ രണ്ടാം സ്ഥാനത്തും എൽ.ഡി.എഫ് മൂന്നാംസ്ഥാനത്തും എത്തി. എന്നാൽ എം.എൽ.എയായ ശേഷം കമറുദ്ദീൻ ചെയർമാനായ ജുവലറിക്കെതിരെ നിക്ഷേപത്തട്ടിപ്പ് പരാതി ഉയർന്നു. തുടർന്നു ജയിൽവാസവും നേരിടേണ്ടിവന്നു.
ട്രെൻഡ്
രാഷ്ട്രീയം മാറ്റിവച്ച് ജാതിമത ചിന്തകൾ പുലർത്തുന്ന വോട്ടർമാർ ഭൂരിപക്ഷമുള്ള അതിർത്തി മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗത്തിന് മുൻതൂക്കമാണെങ്കിലും കർണാടകയിലെ നിലപാടുകൾ സ്വാധീനിക്കും.