pinarayi
പിണറായി വിജയൻ

എടക്കാട്: വികസന മുന്നേറ്റത്തിന്റെ അഭിമാനവുമായാണ് മുഴപ്പിലങ്ങാടും എടക്കാടും കടമ്പൂരും ധർമ്മടത്തും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ബഹുജന കൂട്ടായ്മകളിൽ ജനങ്ങളെത്തിയത്.
സ്‌കൂൾ കുട്ടികൾ, യുവാക്കൾ, തൊഴിലുറപ്പുകാർ, തൊഴിലാളികൾ, വൃദ്ധർ... അനുഭവങ്ങളുടെ നേരറിവുകളുമായി അവർ എത്തി. സ്വന്തമായി കിടപ്പാടം ലഭിച്ചവർ, ജീവിതം പുലർത്താൻ കുടിശ്ശിക തീർത്ത് പെൻഷൻ ലഭിച്ചവർ തുടങ്ങി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവിച്ചവർക്ക് മുന്നിൽ കേരള ബദലിന്റെ നേട്ടങ്ങളെക്കുറിച്ചും അത് തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എൽ.ഡി.എഫ് സ്ഥാനാർത്ഥി പിണറായി വിജയന്റെ ചുരുങ്ങിയ വാക്കുകളിലുള്ള വിശദീകരണം. മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്നവരെയും നുണപ്രചാരണം നടത്തുന്ന മതവർഗീയക്കാരെയും കരുതിയിരിക്കണമെന്ന സന്ദേശം. കേരളം എങ്ങനെ ഇത്തരം ശക്തികളെ പ്രതിരോധിക്കുന്നുവെന്നത് ഉദാഹരണ സഹിതം. ഒഴുകിയെത്തുന്ന ജനങ്ങളിൽ സുരക്ഷിതത്വത്തിന്റെ ആത്മവിശ്വാസം പകർന്ന് ജനനായകന്റെ വാക്കുകൾ.
എടക്കാട് നടന്ന പരിപാടിയിൽ ഒബ്‌സസ്ട്രിക്‌സ് ആൻഡ് ഗൈനക്കോളജി എം.ഡിയിൽ ഡൽഹി എയിംസിൽനിന്ന് ഒന്നാം റാങ്ക് നേടിയ എം.എസ് ഗായത്രിക്കും മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട വൈഭവ് പ്രശാന്തിനും പിണറായി ഉപഹാരം നൽകി. വിവിധ സ്ഥലങ്ങളിൽ എൻ. ചന്ദ്രൻ, കെ. ശശിധരൻ, എം.കെ മുരളി, ടി. അനിൽ, പി.എം അഖിൽ എന്നിവർ സംസാരിച്ചു.