bahai
തങ്കയം മുക്കിൽ ഉപയോഗിക്കാതെ കിടക്കുന്ന ബഹായ് സെന്റർ

തൃക്കരിപ്പൂർ: ഇഴജന്തുക്കൾക്കും സാമൂഹ്യവിരുദ്ധർക്കും തങ്കയം മുക്കിലൊരു താവളമൊരുക്കിയിട്ടുണ്ട്. ബസ് സ്റ്റോപ്പിന് തൊട്ടു കിടക്കുന്ന ബഹായ് സെന്ററിനെ കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെയാണ്. കാടുകയറി നാഥനില്ലാത്ത അവസ്ഥയിലാണ് ഈ കെട്ടിടം.

ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും കാടും പുൽപ്പടർപ്പും കയറി കെട്ടിടം ഉപയോഗ ശൂന്യമായിട്ട് ദശാബ്ദങ്ങളായിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കാറില്ല. തൃക്കരിപ്പൂർ പഞ്ചായത്ത് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന കാലത്താണ് അന്നത്തെ ജില്ലാ ഭരണകൂടം റോഡുവക്കിലെ ഈ റവന്യൂ ഭൂമി ബഹായ് സെൻറർ സ്ഥാപിക്കാൻ അനുവദിച്ചു നൽകിയത്. നിലവിൽ പഞ്ചായത്തിന്റെ കീഴിലുള്ള ചില ഓഫീസുകൾ പ്രവർത്തിക്കാൻ സ്ഥലസൗകര്യമില്ലാത്തതിനാൽ ലൈബ്രറി ഹാളിലുൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്.

നോക്കുകുത്തിയായി കിടക്കുന്ന ഈ കെട്ടിടം സർക്കാർ തിരിച്ചെടുത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാനുള്ള സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

കെട്ടിട സൗകര്യമില്ലാത്തതിനാൽ പഞ്ചായത്ത് എൽ.എസ്.ജി.ഡി ഓഫീസ് പ്രവർത്തിക്കുന്നത് ലൈബ്രറി ഹാളിലാണ്. തങ്കയം മുക്കിലെ വയോജനങ്ങൾക്കായി പണിത പകൽ വീട്, താൽക്കാലിക സംവിധാനമെന്ന നിലയിൽ ആരോഗ്യ വകുപ്പും ഉപയോഗിക്കുന്നു.

മുട്ടത്ത് അമ്പു മാസ്റ്റർ, പൊതുപ്രവർത്തകൻ (റിട്ട. അദ്ധ്യാപകൻ)

കാൽനൂറ്റാണ്ടായി

അനാഥം

ഏകദേശം അര നൂറ്റാണ്ടു കാലം മുമ്പാണ് ഇത്തരത്തിലൊരു സ്ഥാപനം ഇവിടെ ഉയർന്നുവന്നത്. ആദ്യകാലങ്ങളിൽ ചില പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും കാൽനൂറ്റാണ്ടുകാലത്തോളമായി അനാഥാവസ്ഥയിൽ കിടക്കുകയാണ്. നാടിന് ഭാരമായി കിടക്കുന്ന ഈ കെട്ടിടം ഏതെങ്കിലും സർക്കാർ, സന്നദ്ധ സംഘടനകൾക്ക് വിട്ടു നൽകിയാൽ സാമൂഹ്യവിരുദ്ധരെ ഇവിടെ നിന്ന് കുടിയിറക്കാം.