മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 26. 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി ഹംസക്കുട്ടിയിൽ നിന്നാണ് 569 ഗ്രാം സ്വർണം പിടികൂടിയത്. തുടർച്ചയായ മൂന്നാം ദിവസമാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടുന്നത്.

പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെയായി 100 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസിന് പുറമെ ഡി.ആർ.ഐയും 15 കിലോയോളം സ്വർണം പിടികൂടിയിരുന്നു. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർമാരായ മധുസൂദനൻ ഭട്ട്, വി. നായിക്, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി. മാധവൻ, ഇൻസ്പെക്ടർമാരായ എൻ. അശോക് കുമാർ, ബി. യദു കൃഷ്ണ, കെ.വി. രാജു, സന്ദീപ് കുമാർ, സോനിട്ട് കുമാർ എന്നിവർ പങ്കെടുത്തു.