
കണ്ണൂർ: ധർമടത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ളത്10,000 രൂപ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പുതിയ വീട് നിർമ്മാണത്തിനും മറ്റുമായി ബാങ്കിൽ നിന്നു വായ്പയെടുത്ത വകയിൽ 20 ലക്ഷം രൂപയുടെ കടബാദ്ധ്യതയും. നാമനിർദേശ പത്രിക സമർപ്പണ വേളയിൽ നൽകിയ സത്യവാങ് മൂലത്തിലാണ് ഇരുവരും സ്വത്ത് വിവരവും ബാദ്ധ്യതയും വെളിപ്പെടുത്തിയത്.
പിണറായി വിജയന്റെ ഭാര്യ റിട്ട. അദ്ധ്യാപിക തായക്കണ്ടിയിൽ കമലയുടെ കൈവശമുള്ളത് 2000 രൂപ. പിണറായിവിജയന് തലശേരി എസ്.ബി.ഐയിൽ 78048.51 രൂപയും പിണറായി സർവീസ് സഹകരണ ബാങ്കിൽ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലിൽ 10,000 രൂപ വിലവരുന്ന 1000 ഷെയറും സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വിലവരുന്ന ഒരു ഓഹരി പിണറായി ഇന്റസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും, ഒരു ലക്ഷം രൂപയുടെ ഓഹരി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് കമ്പനിയിലുമുണ്ട്.
സ്വർണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 204048.51 രൂപയുടെ നിക്ഷേപമുണ്ട്. പിണറായിയിൽ 8.70 ലക്ഷം രൂപ വിലവരുന്ന വീടുൾക്കൊള്ളുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളമാണ് വരുമാനം.
ഭാര്യ കമലയ്ക്ക് തലശ്ശേരി എസ്.ബി.ഐയിൽ 5,47,803.21 രൂപയും എസ്.ബി.ഐ എസ്.എം.ഇ ശാഖയിൽ 32,664.40 രൂപയും ,മാടായി കോ-ഓപറേറ്റീവ് ഓപ് ബാങ്കിൽ 3,58,336 രൂപയും മൗവ്വഞ്ചേരി കോ-ഓപറേറ്റീവ് ബാങ്കിൽ 11,98,914 രൂപ സ്ഥിര നിക്ഷേപമായുണ്ട്. കൈരളി ചാനലിൽ 20,000 രൂപ വിലവരുന്ന 2000 ഓഹരിയും പിണറായി പോസ്റ്റ് ഓഫീസിൽ 1,44,000 രൂപയുടെയും വടകര അടക്കാത്തെരു പോസ്റ്റ് ഓഫീസിൽ 1,45,000 രൂപയുടെ നിക്ഷേപവുമുണ്ട്. 3,30,000 രൂപ വിലവരുന്ന 80 ഗ്രാം സ്വർണം സ്വന്തമായുണ്ട്.
ഇതിന് 35 ലക്ഷം രൂപയാണ് മാർക്കറ്റ് വില കണക്കാക്കിയിട്ടുള്ളത്. വടകര ഒഞ്ചിയം കണ്ണൂക്കരയിൽ 17.5 സെന്റ് സ്ഥലം കമലക്ക് സ്വന്തമായുണ്ട്. ഇത്തരത്തിൽ പിണറായി വിജയന് 2,04,048.51 രൂപയുടെയും കമലയ്ക്ക് 29,767,17.61 രൂപയുടെയും സമ്പത്തുള്ളതായി സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.
കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കൈവശം 2000 രൂപ മാത്രം. കെ.പി.എസ്.സി. ബാങ്കിൽ 20,00,000 ലക്ഷം രൂപയുടെ കട ബാദ്ധ്യതയുണ്ട്. ഭാര്യ ടി.എം. സരസ്വതിയുടെ കൈവശം 5000 രൂപ. വിവിധ ബാങ്കുകളിലായി 2,66,715 രൂപയാണ് കടന്നപ്പള്ളിയുടെ നിക്ഷേപം. ഭാര്യയുടെ പേരിലുള്ള നിക്ഷേപം 2284 രൂപയാണ്.
രണ്ടര ലക്ഷം രൂപ വിലവരുന്ന വാഹനം കടന്നപ്പള്ളിക്ക് സ്വന്തമായുണ്ട്. കൃഷി ഭൂമിയായി എടക്കാട് ഒമ്പത് സെന്റും (എട്ടു ലക്ഷം രൂപ), കാർഷികേതര ഭൂമിയായി 52 സെന്റും (6,24,000 രൂപ), വാണിജ്യാവശ്യത്തിനുള്ള കടന്നപ്പള്ളിയിലുള്ള കെട്ടിടം (മൂന്നു ലക്ഷം), എടക്കാട്ടെ വീട് (30 ലക്ഷം) എന്നീ ആസ്തികളാണുള്ളത്. ഭാര്യയുടെ പേരിൽ ഇരിങ്ങലിലുള്ള 32 സെന്റ് ഭൂമിക്ക് 10ലക്ഷം രൂപയാണ് മതിപ്പ് വില. ഒരു ക്രിമിനൽ കേസിൽ പ്രതിയാണ്.