election

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ചരിത്രത്തിലാദ്യമായി രണ്ട് കൗൺസിലർമാർ നിയമസഭ സ്ഥാനാർത്ഥികൾ. ബി.ജെ.പിയുടെ ജില്ല വൈസ് പ്രസിഡന്റും നഗരസഭയിലെ 13ാം വാർഡ് എൻ.ജി.ഒ ക്വാർട്ടേഴ്‌സിലെ കൗൺസിലറുമായ എം.ബൽരാജ് നായ്കാണ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി. സി.പി.എം ജില്ല കമ്മിറ്റിയംഗവും കഴിഞ്ഞ പ്രാവശ്യത്തെ നഗരസഭ ചെയർമാനുമായിരുന്ന വി.വി രമേശനാണ് മഞ്ചേശ്വരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.

17ാം വാർഡായ മാതോത്ത് നിന്നാണ് രമേശൻ വിജയിച്ചത്. രണ്ടു പേരും പ്രതീക്ഷിക്കാതെയാണ് ഇരു പാർട്ടികളിൽ നിന്നുമായി നിയമസഭ സ്ഥാനാർത്ഥികളായത്. കാഞ്ഞങ്ങാട് സീറ്റ് ബി.ഡി.ജെ.എസിൽ നിന്നും ബി.ജെ.പി ഏറ്റെടുത്തതോടെയാണ് എം. ബൽരാജിന് നറുക്കുവീണത്. ആർ.എസ്.എസിന്റെ നിർദേശ പ്രകാരമാണ് ബി.ജെ.പി സീറ്റ് ഏറ്റെടുത്തത്. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് നിർദേശിച്ചിരുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വെട്ടിയതോടെയാണ് വി.വി രമേശന് നറുക്കുവീണത്. ഉദുമ മണ്ഡലത്തിന് വേണ്ടി വി.വി. രമേശൻ പാർട്ടിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും സ്ഥാനാർത്ഥി ലിസ്റ്റിൽ പോലും പരിഗണിച്ചിരുന്നില്ല.